ഐസിസി അവാര്‍ഡ്: ബെൻ സ്റ്റോക്ക്സ് മികച്ച ക്രിക്കറ്റർ; രോഹിത് ശർമ മികച്ച ഏകദിന ക്രിക്കറ്റർ; സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്‌കാരം വിരാട് കോലിക്ക്; മികച്ച ടെസ്റ്റ് ക്രിക്കറ്റർ പാറ്റ് കമ്മിൻസ്

Jaihind News Bureau
Wednesday, January 15, 2020

2019ലെ ഐ.സി.സി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിന്‍റെ ലോകകപ്പ് വിജയത്തിലും ആഷസ് പരമ്പരയിലും മികച്ച പ്രകടനം നടത്തിയ ഇംഗ്ലീഷ് ഓൾറൗണ്ടർ ബെൻ സ്റ്റോക്ക്സിനാണ് മികച്ച ക്രിക്കറ്റർ പുരസ്‌കാരം. ഇന്ത്യൻ താരം രോഹിത് ശർമയാണ് മികച്ച ഏകദിന ക്രിക്കറ്റർ. 2019-ലെ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്‌കാരം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിക്കും ലഭിച്ചു. ടെസ്റ്റിൽ കഴിഞ്ഞ വർഷം 59 വിക്കറ്റുകൾ വീഴ്ത്തിയ ഓസീസിന്‍റെ പാറ്റ് കമ്മിൻസാണ് 2019-ലെ മികച്ച ടെസ്റ്റ് ക്രിക്കറ്റർ.

ലോകകപ്പിനിടെ ഓസീസ് താരം സ്റ്റീവ് സ്മിത്തിനെ കൂക്കിവിളിച്ച ആരാധകരോട്, കൂക്കിവിളി നിർത്തി കൈയടിക്കാൻ പറഞ്ഞ കോലിയുടെ പ്രതികരണമാണ് പുരസ്‌കാരത്തിന് അദ്ദേഹത്തെ അർഹനാക്കിയത്. ടെസ്റ്റിൽ കഴിഞ്ഞ വർഷം 59 വിക്കറ്റുകൾ വീഴ്ത്തിയ ഓസീസിന്‍റെ പാറ്റ് കമ്മിൻസാണ് 2019-ലെ മികച്ച ടെസ്റ്റ് ക്രിക്കറ്റർ.

ഇംഗ്ലണ്ടിനെ ലോക ചാമ്പ്യന്മാരാക്കുന്നതിൽ ബെൻ സ്റ്റോക്ക്സിന്‍റെ പങ്ക് എത്ര വലുതായിരുന്നുവെന്നതിന് തെളിവാണ് ഇത്തവണ അദ്ദേഹത്തെ തേടിയെത്തിയ പുരസ്‌കാരം. കിവീസിനെതിരായ ഫൈനലിൽ 84 റൺസുമായി പുറത്താകാതെ നിന്ന സ്റ്റോക്സ് തുടർന്ന് നടന്ന സൂപ്പർ ഓവറിലും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ലോകകപ്പിൽ ആരെയും വിസ്മയിപ്പിച്ച ഒരു ക്യാച്ചും സ്റ്റോക്ക്സ് സ്വന്തമാക്കി. ഇതിനു പിന്നാലെയായിരുന്നു ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ഓസീസ് പോരാട്ടവീര്യത്തെ ഒറ്റയ്ക്ക് ചെറുത്ത് തോൽപ്പിച്ച് സ്റ്റോക്ക്സ് ഇംഗ്ലണ്ടിന് വിജയം നേടിക്കൊടുത്തത്. 142 വർഷത്തെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏക്കാലത്തെയും മികച്ച ഇന്നിങ്‌സുകളിലൊന്ന് പുറത്തെടുത്ത ബെൻ സ്റ്റോക്ക്‌സ് എന്ന ഇംഗ്ലീഷ് ഓൾറൗണ്ടർ തങ്ങളിൽ നിന്ന് വിജയം പിടിച്ചുവാങ്ങുന്നത് കണ്ടുനിൽക്കാനേ അന്ന് ഓസീസ് താരങ്ങൾക്കും കാണികൾക്കും സാധിച്ചുള്ളൂ. എല്ലാവരും തോൽവി ഉറപ്പിച്ച ഘട്ടത്തിൽ നിന്ന് സ്റ്റോക്ക്‌സ് ടീമിനെ ഒറ്റയ്ക്ക് കരകയറ്റുകയായിരുന്നു അദ്ദേഹം. 219 പന്തുകൾ നേരിട്ട താരം 11 ബൗണ്ടറിയും എട്ടു സിക്‌സും സഹിതം 135 റൺസോടെ പുറത്താകാതെ നിന്നു.

2019 രോഹിത്തിന്‍റെ കരിയറിലെ ഏറ്റവും മികച്ച വർഷങ്ങളിൽ ഒന്നായിരുന്നു. ലോകകപ്പ് ടൂർണമെന്‍റിൽ അഞ്ചു സെഞ്ചുറികൾ നേടുന്ന ആദ്യ താരമെന്ന റെക്കോർഡ് രോഹിത് സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം ഏഴു സെഞ്ചുറികളാണ് രോഹിത് ഏകദിനത്തിൽ മാത്രം സ്വന്തമാക്കിയത്.

നാഗ്പുരിൽ നടന്ന ബംഗ്ലദേശിനെതിരായ ട്വന്‍റി 20-യിൽ ഏഴു റൺസ് മാത്രം വഴങ്ങി ഹാട്രിക്കടക്കം ആറു വിക്കറ്റെടുത്ത ദീപക് ചാഹറിന്‍റെ പ്രകടനം 2019-ലെ മികച്ച ട്വന്‍റി20 പ്രകടനമായി തിരഞ്ഞെടുക്കപ്പെട്ടു. പോയവർഷം ടെസ്റ്റിൽ ഓസീസിനായി അവിസ്മരണീയ പ്രകടനം നടത്തിയ മാർനസ് ലബുഷെയ്നാണ് ഐ.സി.സി എമർജിങ് ക്രിക്കറ്റർ.