സൈബർ സഖാക്കളുടെ വ്യാജപ്രചരണങ്ങള്‍ക്ക് മറുപടിയുമായി ഐ.സി ബാലകൃഷ്ണന്‍ MLA

Jaihind News Bureau
Friday, November 22, 2019

സർവജന സ്കൂളില്‍ പാമ്പ് കടിയേറ്റ് കുട്ടി മരിക്കാനിടയായ സംഭവത്തില്‍ സൈബര്‍ സഖാക്കളുടെ കള്ളപ്രചാരണങ്ങള്‍ പൊളിച്ച് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ. എല്‍.ഡി.എഫ് ഭരിക്കുന്ന സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള സ്കൂളിലാണ് അതി ദാരുണമായ സംഭവമുണ്ടായത്. ഇതിന്‍റെ ധാർമിക ഉത്തരവാദിത്വം മറച്ചുവെച്ചാണ് സൈബര്‍ സഖാക്കള്‍ വ്യാജപ്രചാരണം അഴിച്ചുവിടുന്നതെന്ന് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ വ്യക്തമാക്കി. എം.എല്‍.എ എന്ന നിലയില്‍ നിയോജകമണ്ഡലത്തിലെ എല്ലാകാര്യങ്ങളും കൃത്യമായി ചെയ്യാറുണ്ടെന്നും എം.എല്‍.എ ഫേസ്ബുക്കില്‍ കുറിച്ചു.

ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം :

MLA മണ്ഡലം നോക്കുന്നില്ല , ഫണ്ട് നൽകിയത് വിനിയോഗിക്കുന്നില്ല എന്നും പറഞ്ഞു വിലപിക്കുന്നവരുടെ അറിവിലേക്കായി… സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള സ്ക്കൂളാണ് സർവ്വജന. ജില്ലാ പഞ്ചായത്തിനു കീഴിലല്ല. LDF ഭരിക്കുന്ന മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള വിദ്യാലയത്തിൽ നടന്ന ദാരുണമായ സംഭവം തങ്ങളുടെ ഉത്തരവാദിത്വം മറച്ചുവെച്ച് കൊണ്ട് എന്നെ വളരെ മോശമായി സമൂഹമാധ്യമങ്ങളിൽ ചിത്രീകരിക്കുന്നത് രാഷ്ട്രീയ ധാർമ്മികതയല്ല .കേരളത്തിലെ 444 സ്കൂളുകൾക്ക് 1 കോടി രൂപ വെച്ച് ഭരണാനുമതി നൽകിയിട്ടുള്ളതിൽ സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ 10 സ്ക്കൂളുകളിലായി 10 കോടി രൂപയുടെ ഭരണാനുമതി കിലയെ ചുമതലപ്പെടുത്തി എന്ന് കിഫ്ബിയുടെ വെബ്സൈറ്റിൽ ഉള്ളതല്ലാതെ ഗവ: ഉത്തരവ് ഇറക്കുവാനോ കഴിഞ്ഞിട്ടില്ല. പ്ലാൻ ഫണ്ടിൽ അനുമതി ലഭിച്ചിട്ടുള്ള ഒരു കോടി രൂപയുടെ നിർമ്മാണ പ്രവർത്തനം പുരോഗമിക്കുന്നുണ്ട്. വയനാട് ജില്ലയിലെ മറ്റ് നിയോജക മണ്ഡലത്തിലെയും സ്ഥിഗതികളും ഇതുവരെ പ്രവർത്തനം തുടങ്ങിയിട്ടുണ്ടോ എന്നുള്ളത് പ്രിയ സുഹൃത്തുക്കൾക്ക് വിലയിരുത്താവുന്നതാണ്ഏതെങ്കിലും ഉത്തരവാദിത്തപ്പെട്ട PWD ബിൽഡിംഗ്സിനോ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കോ ഏതെങ്കിലും ഏജൻസിക്കോ നിർവ്വഹണ ചുമതല നൽകിയിട്ടുണ്ടോ എന്ന് ഗവൺമെന്റ് ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല. ഉത്തരവ് പുറപ്പെടുവിക്കാത്ത സ്ഥിതിക്ക് 140 നിയോജക മണ്ഡലങ്ങളിലെ 444 സ്ക്കൂളുകളിലും ഈ പദ്ധതി പ്രവർത്തികൾ തുടങ്ങിയിട്ടില്ല.

സർവജന സ്ക്കൂളിലെ PTA യും പൊതുസമൂഹവും ആവശ്യപ്പെട്ട കാര്യങ്ങൾ MSDP പദ്ധതി പ്രകാരം 2 നില കെട്ടിടം, കംപ്യൂട്ടർ അനുബന്ധ ഉപകരണങ്ങൾ, SPC കുട്ടികൾക്ക് ഔട്ട് പോസ്റ്റിന് 10 ലക്ഷം, 18ലക്ഷം രൂപയ്ക്ക് സ്ക്കൂൾ ബസ് എല്ലാം നൽകിയതാണ്. പഞ്ചായത്തില്‍ നിന്നും മുനിസിപ്പാലിറ്റിയാക്കി ഉയർത്തിയപ്പോൾ പൂർണ്ണമായും മുനിസിപ്പാലിറ്റിയുടെ കീഴിലായി സർവജന സ്ക്കൂൾ. മുനിസിപാലിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്ക്കൂളിൽ ഇത്തരമൊരു ദാരുണ സംഭവം നടന്നപ്പോൾ അത് എന്റെ തലയിൽ കെട്ടി വെച്ച് രക്ഷപ്പെടാൻ നോക്കേണ്ട. MLA എന്ന നിലയിൽ എന്റെ നിയോജക മണ്ഡലത്തിലെ എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്യാറുണ്ട്. കിഫ്ബി പദ്ധതി പ്രകാരമുള്ള ഒരു കോടി രൂപയുടെ പ്രവർത്തി എത്രയും പെട്ടെന്ന് തുടങ്ങുന്നതിന് പല തവണ വിദ്യാഭ്യാസ മന്ത്രിയെ രേഖാമൂലം ധരിപ്പിച്ചതുമാണ് .കൽപ്പറ്റ, മാനന്തവാടി നിയോജക മണ്ഡലങ്ങളിലും ഈ ഓർഡർ പ്രകാരമുള്ള പ്രവർത്തികൾ നടന്നിട്ടില്ല. പൂർണ്ണമായും സ്ക്കൂളിന്റെ മെയിൻറനൻസ് പ്രവർത്തനങ്ങളുടെ ചുമതലയുള്ള മുനിസിപ്പാലിറ്റിയെ ന്യായീകരിക്കുന്നവർ ഇത് മനസ്സിലാക്കുന്നത് നന്നായിരിക്കും. കേരളത്തിലെ 444 സ്ക്കൂളുകളുടെയും ഒരുമിച്ച് തീരുമാനമെടുക്കേണ്ട ഉത്തരവാദിത്തം MLA ക്കാണോ അതോ ഗവൺമെന്റിനാണോയെന്ന് സൈബർ സഖാക്കൾ വിലയിരുത്തുന്നത് നന്നായിരിക്കും.