ഐ.സി ബാലകൃഷ്ണനെതിരെ വ്യാജ വാര്‍ത്ത; സ്പീക്കര്‍ക്ക് പരാതി നല്‍കി

Jaihind Webdesk
Wednesday, January 30, 2019

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസില്‍ ടിക്കറ്റിനെച്ചൊല്ലി എം.എല്‍.എയും കണ്ടക്ടറും തമ്മില്‍ തര്‍ക്കമുണ്ടായെന്ന തരത്തില്‍ വ്യാജവാര്‍ത്ത പ്രചരിച്ചതിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കി. ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എയാണ് തനിക്കെതിരെയുള്ള വ്യാജ പ്രചരണത്തിനെതിരെ രംഗത്തുവന്നിരിക്കുന്നത്.

ജനുവരി 29ന് എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് ലോ ഫ്‌ളോര്‍ ബസില്‍ യാത്ര ചെയ്യുകയുണ്ടായി. എം.എല്‍.എമാര്‍ക്ക് പാസ് അനുവദനീയമാണോ എന്ന് ആരാഞ്ഞ എം.എല്‍.എയോട് ചോദിച്ചിട്ട് പറയാമെന്ന് കണ്ടക്ടര്‍ അറിയിച്ചു. കുറച്ചു കഴിഞ്ഞ് കണ്ടക്ടര്‍ നിയമസഭ തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങി നമ്പര്‍ എഴുതിയെടുത്തു. രാത്രി 12 മണിയോടെ പാസ് അനുവദനീയമല്ലായെന്ന് കണ്ടക്ടര്‍ അറിയിച്ചു.കെ.എസ്.ആര്‍.ടി.സി എം.ഡിയാണ് അങ്ങനെ പറഞ്ഞതെന്നും അറിയിച്ചു.

തുടര്‍ന്ന് എം.എല്‍.എ 375 രൂപ കൊടുത്ത് ടിക്കറ്റ് എടുത്തു. യാതൊരു വിധ വാക്ക് തര്‍ക്കങ്ങളുമുണ്ടായില്ല. എന്നാല്‍ അടുത്തദിവസം രാത്രി 11 മണിക്ക് ഏഷ്യാനെറ്റ് ചാനലില്‍ ടിക്കറ്റെടുക്കാതെ വാക്കുതര്‍ക്കമെന്ന് വാര്‍ത്ത വന്നു. ഇപ്പോള്‍ ഫെയ്‌സ് ബുക്കിലും സോഷ്യല്‍ മീഡിയയിലും ഈ വാര്‍ത്ത പ്രചരിപ്പിച്ചുകൊണ്ട് എം.എല്‍.എയെ അപമാനിക്കുകയാണ്. പട്ടികവര്‍ഗത്തില്‍പ്പെട്ട എം.എല്‍.എയായ തന്നെ കെ.എസ്.ആര്‍.ടി.സിയിലെ ചില ജീവനക്കാര്‍ വ്യാജവാര്‍ത്തകള്‍ കൊടുത്ത് സമൂഹത്തിന്റെ മുന്നില്‍ മോശമാക്കിയിരിക്കുകയാണ്. ആയതിനാല്‍ ഈ വിഷയത്തില്‍ സ്പീക്കര്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ സ്പീക്കര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. എം.എല്‍.എയുടെ പരാതിയില്‍ അടിയന്തര അന്വേഷണത്തിന് സ്പീക്കര്‍ ഉത്തരവിട്ടു.