കർണാടകയിൽ ബിജെപിയുടെ രാഷ്ട്രീയ പകപോക്കൽ തുടരുന്നു; ജി.പരമേശ്വരയുടെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ്

Jaihind News Bureau
Thursday, October 10, 2019

കർണാടകയിൽ ബിജെപിയുടെ രാഷ്ട്രീയ പകപോക്കൽ തുടരുന്നു. മുൻ ഉപമുഖ്യമന്ത്രി ജി.പരമേശ്വരയുടെ വീട്ടിൽ ആദായ നികുതി വകുപ്പിന്‍റെ റെയ്ഡ്. വീട്ടിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടക്കുന്നത്.

ജി.പരമേശ്വരയുടെ വസതിയിലും ഉടമസ്ഥതയിലുള്ള മെഡിക്കല്‍ കോളജിലും കോലാറിലുള്ള ആശുപത്രിയിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു പരിശോധന.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റും റെയ്ഡ് നടത്തുന്നതിന് തനിക്ക് ഒരു എതിര്‍പ്പുമില്ലെന്നും എല്ലാ രേഖകളും പരിശോധിക്കട്ടെയെന്നും പരമേശ്വര പ്രതികരിച്ചു. റെയ്ഡ് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ ആരോപിച്ചു. പരമേശ്വരയുടെയും മറ്റ് കോണ്‍ഗ്രസ് നേതാക്കളുടെയും വീടുകളിലെ റെയ്ഡ് രാഷ്ട്രീയ ലക്ഷ്യംവച്ചുള്ളതും വഞ്ചനാപരമായ നടപടിയാണെന്നും കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കളെ അവര്‍ ലക്ഷ്യമിടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ദുര്‍നയങ്ങള്‍ക്കും അഴിമതിയ്ക്കുമെതിരെ കോണ്‍ഗ്രസ് ഉന്നയിക്കുന്ന ചോദ്യങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയാത്ത ബിജെപി രാഷ്ട്രീയ വൈരം തീര്‍ക്കാന്‍ നടത്തുന്ന ഇത്തരം തന്ത്രങ്ങള്‍ക്ക് തങ്ങള്‍ വഴങ്ങില്ലെന്നും സിദ്ധരാമയ്യ പറയുന്നു.