സൈന്യത്തെ അഭിനന്ദിച്ച് കോണ്‍ഗ്രസ്. പഹല്‍ഗാം ഭീകരാക്രമണത്തിന് മറുചടി നല്‍കിയ ഇന്ത്യന്‍ സൈന്യത്തിനും കേന്ദ്ര സര്‍ക്കാരിനും അഭിനന്ദനം അറിയിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. സേനയുടെ ദൃഢനിശ്ചയത്തെയും ധൈര്യത്തെയും അഭിനന്ദിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. സൈന്യത്തില്‍ അഭിമാനമുണ്ടെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പറഞ്ഞു.
ഖാര്‍ഗെയുടെ വാക്കുകള്‍ :
പാകിസ്ഥാനില്‍ നിന്നും പാക് അധീന കശ്മീരില്‍ നിന്നും ഉയര്‍ന്നുവരുന്ന എല്ലാത്തരം ഭീകരതകള്‍ക്കും എതിരെ ഇന്ത്യയ്ക്ക് ഉറച്ച ദേശീയ നയമുണ്ട്.
പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര ക്യാമ്പുകള്‍ തകര്‍ത്ത നമ്മുടെ ഇന്ത്യന്‍ സായുധ സേനയെക്കുറിച്ച് ഞങ്ങള്‍ വളരെയധികം അഭിമാനിക്കുന്നു. അവരുടെ ദൃഢനിശ്ചയത്തെയും ധൈര്യത്തെയും ഞങ്ങള്‍ അഭിനന്ദിക്കുന്നു.
പഹല്‍ഗാം ഭീകരാക്രമണം നടന്ന ദിവസം മുതല്‍, അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്കെതിരെ ഏത് നിര്‍ണായക നടപടിയും സ്വീകരിക്കുന്നതിന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സായുധ സേനയ്ക്കും സര്‍ക്കാരിനുമൊപ്പം ഉറച്ചുനിന്നു.
ദേശീയ ഐക്യവും ഐക്യദാര്‍ഢ്യവുമാണ് കാലഘട്ടത്തിന്റെ ആവശ്യം, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നമ്മുടെ സായുധ സേനയ്ക്കൊപ്പം നില്‍ക്കുന്നു. മുന്‍കാലങ്ങളില്‍ നമ്മുടെ നേതാക്കള്‍ വഴി കാണിച്ചുതന്നിട്ടുണ്ട്, ദേശീയ താല്‍പ്പര്യമാണ് ഞങ്ങള്‍ക്ക് പരമപ്രധാനം.