കരുവന്നൂരില്‍ കണ്ണീരോണം; തിരുവോണദിനത്തില്‍ ഗതികെട്ട് പട്ടിണി സമരം

Jaihind Webdesk
Tuesday, August 29, 2023

 

തൃശൂർ: തിരുവോണ നാളിൽ കരുവന്നൂരിൽ പട്ടിണി സമരം. കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ച ലക്ഷക്കണക്കിന് രൂപ തിരികെ ലഭിക്കണം എന്നാവശ്യപ്പെട്ട് മാപ്രാണം സ്വദേശി ജോഷിയാണ് വീടിനു മുന്നിൽ നിരാഹാരമിരിക്കുന്നത്. കുടുംബാംഗങ്ങളുടേത് ഉൾപ്പെടെ ലക്ഷക്കണക്കിന് രൂപയും പലിശയും തിരികെ കിട്ടണമെന്നാണ് മാപ്രാണം വടക്കേത്തല ജോഷിയുടെ ആവശ്യം.

ഭാര്യയുടെ സ്വർണ്ണാഭരണങ്ങൾ വിറ്റതും സഹോദരിയുടെ സമ്പാദ്യവും സഹോദര ങ്ങൾക്കും കൂടി അവകാശപ്പെട്ട മാതാപിതാക്കളുടെ സമ്പാദ്യവും ഉൾപ്പെടെ 90 ലക്ഷം രൂപയാണ് ജോഷി ബാങ്കിൽ നിക്ഷേപിച്ചത്. തുക പിൻവലിക്കാനുള്ള ശ്രമങ്ങൾ നിരന്തരം നടത്തിയെങ്കിലും മൂന്നിലൊന്നു പോലും ലഭിച്ചില്ല. പണം പിൻവലിക്കാനോ പലിശ വാങ്ങാനോ ബാങ്കിൽ എത്തിയാൽ കിട്ടുക ജീവനകാരുടെ അധിക്ഷേപം മാത്രം.

അപകടത്തെ തുടർന്ന് 8 വർഷം കിടപ്പിലായിരുന്നു ജോഷി. ഇതിനിടെ 2 തവണ ട്യൂമർ ബാധിച്ചു. ഒരു ചെവിയുടെ കേൾവി ശക്തി നഷ്ടമായി. ഇങ്ങനെ ഏറെ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ജോഷി അത് വകവെക്കാതെയാണ് നീതിക്കു വേണ്ടി നിരാഹാര സത്യഗ്രഹം നടത്തുന്നത്. ബാങ്കിന്‍റെ ഹെഡ് ഓഫീസിന് മുന്നിൽ സമരം നടത്താനാണ് ആദ്യം തീരുമാനിച്ചതെങ്കിലും കേസ് ഭയന്ന് വീടിനു മുന്നിലേക്ക് മാറ്റുകയായിരുന്നു. രാവിലെ എഴിന് ആരംഭിച്ച സമരം വൈകിട്ട് ഏഴിന് അവസാനിപ്പിക്കും.