കോട്ടയം കടുത്തുരുത്തിയില്‍ ഓണത്തോടനുബന്ധിച്ച് വില്‍പ്പന നടത്താന്‍ എത്തിച്ച വന്‍ കഞ്ചാവ് ശേഖരം പിടികൂടി. കോട്ടയം എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് എക്സൈസ് ഇന്‍സ്പെക്ടര്‍ രാജേഷ് പി.ജി.യുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് 15.200 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്. ഇതിന് ഏകദേശം 15 ലക്ഷം രൂപ വിലവരും.
വൈക്കം അപ്പന്ചിറ റെയില്‍വേ സ്റ്റേഷന് സമീപം താമസിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടി കഞ്ചാവ് കച്ചവടം നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്. സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അജു ജോസഫ്, അരുണ്‍ ലാല്‍, ദീപക് സോമന്, ശ്യാം ശശിധരന് എന്നിവര്‍ നടത്തിയ രഹസ്യ നിരീക്ഷണത്തിനൊടുവിലാണ് കഞ്ചാവ് പിടികൂടിയത്.
പ്രതിയുടെ വീട്ടില്‍ രണ്ട് ചാക്കുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു 15 കിലോയിലധികം കഞ്ചാവ് കണ്ടെടുത്തത്. അതേസമയം പ്രതിയുടെ പേരില്‍ മറ്റ് പല കേസുകളും ഉണ്ടെന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു.