തൊഴിലുമായി ബന്ധപ്പെട്ട മൂന്നാമത്തെ റിപ്പോര്‍ട്ടും മോദി സര്‍ക്കാര്‍ പൂഴ്ത്തി; ഇത്തവണ മുദ്ര പദ്ധതിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട്

Jaihind Webdesk
Friday, March 15, 2019

Narendra Modi Mudra 1

തൊഴിലില്ലായ്മയുമായി ബന്ധപ്പെട്ട രണ്ട് റിപ്പോര്‍ട്ടുകള്‍ പൂഴ്ത്തിയതിന് പിന്നാലെ മുദ്ര പദ്ധതിപ്രകാരം രാജ്യത്ത് സൃഷ്ടിച്ച തൊഴിലവസരങ്ങള്‍ സംബന്ധിച്ച ലേബർ ബ്യൂറോയുടെ റിപ്പോർട്ടും മോദി സർക്കാർ പൂഴ്ത്തി. മൈക്രോ യൂണിറ്റ്സ് ഡെവലപ്മെന്‍റ് ആന്‍ഡ് റീഫിനാന്‍സ് ഏജന്‍സി (മുദ്ര) യുമായി ബന്ധപ്പെട്ട കണക്കുകള്‍ അടുത്ത രണ്ട് മാസത്തേക്ക് പുറത്തുവിടേണ്ടെന്നാണ് കേന്ദ്ര സർക്കാർ തീരുമാനം. ഇതോടെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തൊഴിലവസരങ്ങളും തൊഴിലില്ലായ്മയുമായി ബന്ധപ്പെട്ട മൂന്നാമത്തെ റിപ്പോര്‍ട്ടാണ് മോദി സര്‍ക്കാർ പൂഴ്ത്തുന്നത്.

തൊഴിലില്ലായ്മാ നിരക്ക് വ്യക്തമാക്കുന്ന നാഷണല്‍ സാംപിള്‍ സർവേ (NSSO) യുടെ റിപ്പോർട്ടും ലേബർ ബ്യൂറോയുടെ ആറാമത് വാർഷിക തൊഴില്‍ സർവേ റിപ്പോർട്ടുമാണ് നേരത്തേ  മോദി സർക്കാർ പൂഴ്ത്തിയത്. രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് 45 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലാണെന്ന് വ്യക്തമാക്കുന്നതായിരുന്നു നാഷണല്‍ സാംപിള്‍ സർവേ റിപ്പോർട്ട്. 2017-18 കാലയളവില്‍ തൊഴിലില്ലായ്മാനിരക്ക്  6.1 ശതമാനം ആയി കുത്തനെ ഉയര്‍ന്നു എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇത് 45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മാ നിരക്കാണ്. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിലെത്തിയ പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ട് പുറത്തുവിടേണ്ടതില്ല എന്ന് മോദി സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. മോദി സര്‍ക്കാരിന്‍റെ കാലത്തെ തൊഴില്‍  നഷ്ടം വ്യക്തമാക്കുന്നതാണ് ലേബർ ബ്യൂറോയുടെ ആറാമത് വാർഷിക തൊഴില്‍ സർവേ റിപ്പോർട്ടും. 2016-17ല്‍ തൊഴിലില്ലായ്മാ നിരക്ക് നാല് വര്‍ഷത്തെ ഏറ്റവും കൂടി 3.9 ശതമാനമായി എന്നാണ് ആറാമത് വാര്‍ഷിക റിപ്പോര്‍ട്ട് പറയുന്നത്. ഇതും സർക്കാരിന് തിരിച്ചടിയാകുമെന്നതിനാല്‍ പുറത്തുവിട്ടിട്ടില്ല.

ഇതിന് പിന്നാലെയാണിപ്പോള്‍ മുദ്ര പദ്ധതി പ്രകാരം എത്ര പേര്‍ക്ക് തൊഴില്‍  ലഭിച്ചെന്ന കണക്കും ഫയലിനുള്ളില്‍ കുടുങ്ങുന്നത്. ചെറുകിട-ഇടത്തരം സംരംഭകര്‍ക്കായി ആരംഭിച്ച  മൈക്രോ യൂണിറ്റ്സ് ഡെവലപ്മെന്‍റ് റീഫിനാന്‍സ് ഏജന്‍സി എന്ന മുദ്ര പദ്ധതിക്ക് കീഴില്‍ സൃഷ്ടിച്ച തൊഴിലവസരങ്ങള്‍ സംബന്ധിച്ച് ലേബര്‍ ബ്യൂറോയാണ് സര്‍വേ നടത്തിയത്. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ റിപ്പോര്‍ട്ട് പുറത്തുവിടേണ്ടതില്ല എന്നാണ് സര്‍ക്കാർ തീരുമാനമെന്നാണ് റിപ്പോർട്ട്.