സി.പി.എമ്മിന്റെ തുടര്‍ച്ചയായ അവഹേളനം സഹിച്ച് സി.പി.ഐ എത്രകാലം നിശബ്ദരായി തുടരുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. എം.എല്‍.എ ഉള്‍പ്പടെയുള്ള നേതാക്കളെ പോലീസ് തല്ലിച്ചതച്ചിട്ടും നിശബ്ദത പാലിക്കുന്ന രാഷ്ട്രീയ സമീപനം ഉപേക്ഷിച്ച് ശക്തമായി പ്രതിഷേധിക്കാന്‍ സി.പി.ഐ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ഒരു എം.എല്‍.എയെ പോലീസിനെ ഉപയോഗിച്ച് കായികമായി കൈകാര്യം ചെയ്യുന്നത് ജനാധിപത്യ സംവിധാനത്തിന് ചേര്‍ന്നതല്ല. സി.പി.എമ്മും സി.പി.ഐയും തമ്മില്‍ എറണാകുളത്ത് നിലനില്‍ക്കുന്ന വിഭാഗീയതയാണ് പ്രശ്നങ്ങള്‍ക്ക് ആധാരം. സ്വന്തം പാര്‍ട്ടിയിലെ എം.എല്‍.എയുടെ കൈ ഒടിച്ചിട്ടും ജില്ലാ സെക്രട്ടറിയുടെ തലയടിച്ച് പൊട്ടിച്ചിട്ടും സി.പി.ഐ സംസ്ഥാന നേതൃത്വം മൗനം തുടരുന്നത് വിചിത്രമാണ്. സി.പി.എമ്മും മുഖ്യമന്ത്രിയും സി.പി.ഐയെ വിലകുറച്ച് കാണിക്കുന്ന നിലപാടാണ് എപ്പോഴും സ്വീകരിച്ചിട്ടുള്ളത്. ഈ അപമാനം എത്ര കാലം ഇങ്ങനെ സഹിക്കാന്‍ സാധിക്കുമെന്ന് സി.പി.ഐ. ചിന്തിക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന് ഓര്‍മിപ്പിച്ചു.
ആഭ്യന്തരവകുപ്പ് സമ്പൂര്‍ണ പരാജയമാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചു. പോലീസിനെ കയറൂരിവിട്ടിരിക്കുകയാണ്. പോലീസ് രാജാണ് കേരളത്തില്‍ നടക്കുന്നത്. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല. പിണറായി സര്‍ക്കാര്‍ അധികാരമേറ്റ അന്നുമുതല്‍ സി.പി.ഐക്ക് ലഭിക്കുന്നത് അവഹേളനം മാത്രമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
നെടുങ്കണ്ടത്ത് ഉരുട്ടിക്കൊല ഉണ്ടായപ്പോള്‍ സി.പി.ഐയുടെ ഇടുക്കി ജില്ലാഘടകം ശക്തമായ നിലപാട് എടുത്തെങ്കിലും സംസ്ഥാന നേതൃത്വം അവരെ തള്ളിക്കളയുന്ന നിലപാടാണ് സ്വീകരിച്ചത്. പെരിയ ഇരട്ടക്കൊല ഉണ്ടായപ്പോഴും ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തപ്പോഴും സി.പി.ഐയുടെ ശബ്ദം കേരളം കേട്ടില്ല. ഇടുക്കിയിലെ വ്യാപകമായ കയ്യേറ്റങ്ങള്‍ക്ക് സി.പി.ഐ ഒത്താശ ചെയ്യുന്നു. സി.പി.എം ചെയ്യുന്ന എല്ലാ കൊള്ളരുതായ്മക്കും സി.പി.ഐ ഒത്താശ ചെയ്യുകയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന് കുറ്റപ്പെടുത്തി.
ഇടതു മുന്നണിയിലെ ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ 1967 ലെ സപ്തമുന്നണി സര്‍ക്കാരിനെയാണ് ഓര്‍മിപ്പിക്കുന്നത്. അന്ന് വന്‍ ഭൂരിപക്ഷത്തോടെ അധികാരമേറ്റ ഇ.എം.എസ് സര്‍ക്കാര്‍ സി.പി.ഐക്കെതിരെ നടത്തിയ നീക്കങ്ങളാണ് ആ മുന്നണി രണ്ടു വര്‍ഷത്തിനുള്ളില്‍ നിലംപൊത്താനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന്. 1970 ല്‍ കോണ്‍ഗ്രസ് ഉള്‍പ്പെട്ട സി അച്യുത മേനോന് മന്ത്രിസഭ ഏഴുവര്‍ഷം തുടര്‍ച്ചയായി ഭരിച്ച് കേരളം കണ്ട മികച്ച മന്ത്രിസഭയായി പേരെടുത്തു. 1971 ല്‍ സി.പി.ഐ. ഉള്‍പ്പെടുന്ന ഐക്യജനാധിപത്യ മുന്നണി ഇരുപതില്‍ 20 സീറ്റ് നേടിയ കാര്യവും മുല്ലപ്പള്ളി ഓര്‍മിപ്പിച്ചു.