‘ഗാന്ധിജി ആത്മഹത്യ ചെയ്തത് എങ്ങനെ?’ രാഷ്ട്രപിതാവിനെ അവേഹളിച്ച് ഗുജറാത്തിലെ സ്‌കൂള്‍ പരീക്ഷയിലെ ചോദ്യം

Jaihind Webdesk
Sunday, October 13, 2019
അഹമ്മദാബാദ്: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ അവഹേളിക്കുന്ന ചോദ്യം ഉള്‍പ്പെടുത്തി ഗുജറാത്തിലെ സ്കൂള്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍. ‘ഗാന്ധിജി ആത്മഹത്യ ചെയ്തത് എങ്ങനെ ?’ എന്ന ചോദ്യമാണ്   വിവാദമായത്. ഒമ്പതാം ക്ലാസിലെ ചോദ്യപേപ്പറിലാണ് മഹാത്മാ ഗാന്ധിയെ അവഹേളിക്കുന്ന ചോദ്യം ഉള്‍പ്പെടുത്തിയത്. സുഫാലം ശാല വികാസ് സങ്കുലിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളുടെ ഇന്‍റേണല്‍ പരീക്ഷയിലാണ് വിവാദ ചോദ്യം പ്രത്യക്ഷപ്പെട്ടത്.

ചില സ്വാശ്രയ സ്‌കൂളുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കൂട്ടായ്മയാണ് സുഫാലം ശാല വികാസ് സങ്കുല്‍. സര്‍ക്കാര്‍ ധനസഹായം ലഭിക്കുന്ന സ്കൂളുകളാണിത്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായി ജില്ലാ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

ഗുജറാത്തിയില്‍ തയ്യാറാക്കിയ ചോദ്യപേപ്പറില്‍ ‘ഗാന്ധിജിയേ ആപ്ഗാത് കര്‍വാ മാതെ ഷു കർയു’ (എങ്ങനെയാണ് ഗാന്ധിജി ആത്മഹത്യ ചെയ്തത്?) എന്നായിരുന്നു ചോദ്യം. ജന്മനാട്ടില്‍ തന്നെയാണ് മഹാത്മാ ഗാന്ധിക്ക് ഇത്തരമൊരു അവഹേളനമുണ്ടായത് എന്നതും ശ്രദ്ധേയമാണ്.

പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലെ ചോദ്യവും വിവാദമായിട്ടുണ്ട്. അനധികൃത മദ്യവില്‍പനയെക്കുറിച്ചുള്ള ചോദ്യവും വിവാദമായിട്ടുണ്ട്.

‘നിങ്ങളുടെ പ്രദേശത്ത് മദ്യ വില്‍പന വര്‍ധിച്ചതിനെക്കുറിച്ചും അനധികൃത മദ്യവില്‍പനക്കാര്‍ സൃഷ്ടിച്ച ശല്യത്തെക്കുറിച്ചും ജില്ലാ പൊലീസ് മേധാവിക്ക് ഒരു പരാതി കത്ത് എഴുതുക’ – ഇതായിരുന്നു പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ചോദ്യം.

അതസമയം സ്കൂള്‍ മാനേജ്മെന്‍റുകളാണ് ചോദ്യപേപ്പര്‍ തയാറാക്കിയതെന്നും വിദ്യാഭ്യാസവകുപ്പിന് ഇതില്‍ പങ്കില്ലെന്നും ഗാന്ധിനഗർ വിദ്യാഭ്യാസ വകുപ്പ് വിശദീകരിച്ചു.

‘സർക്കാർ സഹായം ലഭിക്കുന്ന ചില സ്വാശ്രയ സ്കൂളുകളില്‍ ശനിയാഴ്ച നടന്ന ഇന്‍റേണൽ അസസ്മെന്‍റ് പരീക്ഷകളില്‍ ഈ രണ്ട് ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ചോദ്യങ്ങൾ‌ വളരെ ആക്ഷേപകരമാണ്. സംഭവത്തില്‍ അന്വേഷണത്തിന് നിർദേശം നല്‍കിയിട്ടുണ്ട്. റിപ്പോർട്ട് വന്നതിനുശേഷം നടപടിയെടുക്കും’ – ഗാന്ധിനഗർ  ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഭാരത് വധേർ അറിയിച്ചു.

അതേസമയം മഹാത്മാ ഗാന്ധിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ തയാറാക്കിയതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.