ചരിത്ര സ്മരണകളിരമ്പുന്ന പയ്യന്നൂരിന് ആവേശമായി ഡി.സി.സിയുടെ ഗാന്ധി സ്മൃതിയാത്ര

Jaihind Webdesk
Sunday, October 13, 2019

പയ്യന്നൂര്‍: കണ്ണൂർ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡി.സി.സി പ്രസിഡന്‍റ് സതീശന്‍ പാച്ചേനി നയിച്ച ഗാന്ധി സ്മൃതി യാത്ര ആവേശമായി. മഹാത്മാഗാന്ധിയുടെ കരസ്പര്‍ശമേറ്റ ഗാന്ധി മാവും ഗാന്ധിയുടെ ചിതാഭസ്മവും നിരവധി സാമൂഹിക നായകരുടെ ഓര്‍മകളും ശ്രീനാരായണ ഗുരുവിന്‍റെ ദര്‍ശനങ്ങളുടെ വെളിച്ചവും സ്വാമി ആനന്ദതീര്‍ഥന്‍റെ കര്‍മങ്ങളുടെ തെളിച്ചവുമുള്ള പാവനഭൂമിയില്‍ നിന്ന് നടത്തിയ ഗാന്ധി സ്മൃതി പദയാത്ര അവിസ്മരണീയമായി.

മഹാത്മജിയുടെ നൂറ്റമ്പതാം ജന്മവാര്‍ഷികാചരണത്തിന്‍റെ ഭാഗമായാണ് പയ്യന്നൂരിലെ സ്വാമി ആനന്ദതീര്‍ത്ഥ ആശ്രമത്തിലെ ഗാന്ധി മാവിന്‍ ചുവട്ടില്‍ നിന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പദയാത്ര ആരംഭിച്ചത്. പയ്യന്നൂരിന്‍റെ നഗരവീഥികളെ ആവേശക്കടലാക്കി ബാന്‍റ് വാദ്യത്തിന്‍റെ അകമ്പടിയോടെ മുന്നോട്ടു നീങ്ങിയ പദയാത്രയില്‍ ആയിരകണക്കിന് പ്രവര്‍ത്തകര്‍ അണിചേര്‍ന്നു.

ശ്രീനാരായണ വിദ്യാലയത്തിലെ സ്വാമി ആനന്ദ തീര്‍ത്ഥന്‍റെ സ്മൃതി മണ്ഡപത്തിലും മഹാത്മജിയുടെ ചിതാഭസ്മ തറയിലും ധീര രക്തസാക്ഷി കെ.എസ്.യു നേതാവായിരുന്ന കെ.പി സജിത് ലാലിന്‍റെ സ്മൃതികുടീരത്തിലും പുഷ്പാര്‍ച്ചന നടത്തിയാണ് പദയാത്ര ആരംഭിച്ചത്. എല്‍.ഐ.സി ജംഗ്ഷനില്‍ വെച്ച് ജാഥാനായകന്‍ ഡി.സി.സി പ്രസിഡന്‍റ് സതീശന്‍ പാച്ചേനിയെ ഷാള്‍ അണിയിച്ച് കോഴിക്കോട് എം.പി എം.കെ രാഘവന്‍ സ്വീകരിച്ചു. അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ, കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്‍, ഐ.എന്‍.ടി.യു.സി ദേശീയ സെക്രട്ടറി കെ സുരേന്ദ്രന്‍ തുടങ്ങിയവർ യാത്രയെ അനുധാവനം ചെയ്തു.

സാഹോദര്യത്തിന്‍റെയും മാനവികതയുടെയും മതസൗഹാര്‍ദ്ദത്തിന്‍റെയും സ്‌നേഹ മന്ത്രങ്ങള്‍ മുഴക്കി
ശ്രീ നാരായണ വിദ്യാലയത്തിലെ ഗാന്ധി മാവിന്‍ ചുവട്ടിലെ ഗാന്ധി ചിതാഭസ്മ തറയില്‍ നിന്നും ആരംഭിച്ച ഗാന്ധി സ്മൃതി യാത്ര എല്‍.ഐ സി ജംഗ്ഷന്‍ ബൈപാസ് വഴി പെരുമ്പ ദേശീയ പാതയില്‍കൂടി പയ്യന്നൂര്‍ നഗരത്തിലെത്തി ടൗണ്‍ സ്‌ക്വയറില്‍ സമാപിച്ചു. സമാപന സമ്മേളനം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു.