പ്രളയ സെസിനെ ന്യായീകരിച്ച ആളിന് കേന്ദ്ര സെസിനെ എതിർക്കാന്‍ എങ്ങനെ കഴിയും? : തോമസ് ഐസക്കിനെതിരെ വി.ഡി സതീശന്‍

Jaihind News Bureau
Sunday, May 24, 2020

ജി.എസ്.ടി സെസുമായി ബന്ധപ്പെട്ട് ധനമന്ത്രി തോമസ് ഐസക്കിന്‍റെ പ്രതികരണത്തിലെ കാപട്യം പൊളിച്ചുകാട്ടി വി.ഡി സതീശന്‍ എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ്. സംസ്ഥാനത്ത് പ്രളയ സെസ് ഏർപ്പെടുത്തിയതിനെ ന്യായീകരിച്ച ആളാണ് തോമസ് ഐസക്ക്. അങ്ങനെയുള്ള തോമസ് ഐസക്കിന് കൊവിഡ് സെസ് ഏർപ്പെടുത്താനുള്ള കേന്ദ്ര നീക്കം ശരിയല്ലെന്ന് പറയാന്‍ എങ്ങനെ കഴിയുമെന്ന് വി.ഡി സതീശന്‍ എം.എല്‍.എ ചോദിച്ചു.

പ്രളയ സെസ് ഏർപ്പെടുത്താനുള്ള നീക്കത്തെ അന്ന് പ്രതിപക്ഷം ശക്തിയായി എതിർത്തപ്പോള്‍ തോമസ് ഐസക്ക് സെസിനെ ന്യായീകരിക്കുകയാണ് ചെയ്ത്. ദുരിതബാധിതര്‍ക്ക് മേല്‍ അമിത നികുതി കൂടി അടിച്ചേല്‍പിക്കുന്നത് അവരെ പിടിച്ചുപറിക്കുന്നതിന് തുല്യമാണെന്നും വി.ഡി സതീശന്‍ എം.എല്‍.എ ഫേസ്ബുക്കില്‍ കുറിച്ചു.

വി.ഡി സതീശന്‍ എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ്:

”കേന്ദ്രം കൊവിഡിന്‍റെ പേരിൽ ജി.എസ്.ടിക്ക് മീതെ സെസ് ഏർപ്പെടുത്തുന്നത് ശരിയല്ലെന്ന് ധനകാര്യമന്ത്രി ഡോ.തോമസ് ഐസക്ക്.

കേരള സർക്കാർ പ്രളയ സെസ് ഏർപ്പെടുത്തിയപ്പോൾ നിയമസഭയിൽ ഞങ്ങൾ ശക്തിയായി എതിർത്തിരുന്നു. അന്ന് അതിനെ ന്യായീകരിച്ച ഐസക്കിന് ഇന്ന് കേന്ദ്രം സെസ് ഏർപ്പെടുത്തുമ്പോൾ അതിനെ എതിർക്കാൻ എങ്ങിനെ കഴിയും?
പ്രളയകാലത്തും കൊവിഡ് കാലത്തുമൊക്കെ സർക്കാരുകൾ പുതിയ പേരുകളിൽ നികുതികൾ ഏർപ്പെടുത്തുന്നതിൽ എന്ത് ന്യായമാണുള്ളത് ? ദുരിത ബാധിതർക്ക് മീതെ നികുതി അടിച്ചേൽപ്പിക്കുന്നത് അവരെ പിടിച്ചു പറിക്കുന്നതിന് തുല്യമാണ്.”