ആലപ്പുഴ: ചേര്‍ത്തലയിലെ വീട്ടമ്മ സജിയുടെ മരണം തലയ്ക്ക് പിന്നിലേറ്റ ക്ഷതം കൊണ്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഭര്‍ത്താവ് സോണിക്കെതിരെ കേസെടുത്തു. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് പോലീസ് കേസെടുത്തത്. പ്രതിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.
അതേസമയം തലയോട്ടിയില്‍ പൊട്ടലുകള്‍ ഉണ്ടായിരുന്നുവെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി. അച്ഛന്‍ അമ്മയെ മര്‍ദിച്ച് കൊന്നതാണെന്ന മകളുടെ പരാതിയെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം മരിച്ച സജിയുടെ മൃതദേഹം കല്ലറ തുറന്ന് പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി വെന്റിലേറ്ററില്‍ ഒരു മാസത്തോളം ചികിത്സയിലായിരുന്നു സജി. പടിക്കെട്ടില്‍ നിന്നും വീണു എന്നാണ് ആശുപത്രിയില്‍ കൊടുത്ത വിവരം. ചികില്‍സയിലിരിക്കെ മരിച്ചതിനാല്‍ സ്വാഭാവിക മരണമായി കണ്ട് പോസ്റ്റ്‌മോര്‍ട്ടം നടത്തിയതുമില്ല. കഴിഞ്ഞ ഞായറാഴ്ചയാണ് സജി മരിച്ചത്. സജിക്ക് ഭര്‍ത്താവ് സോണിയില്‍ നിന്ന് ക്രൂരമായ മര്‍ദനമേറ്റെന്ന 19 വയസ്സുള്ള മകളുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
ഞായറാഴ്ചത്തെ സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷമാണ് സത്യം പുറംലോകം അറിയുന്നത്. അച്ഛന്റെ പരസ്ത്രീ ബന്ധത്തെക്കുറിച്ച് ചോദ്യം ചെയ്തതിന് അമ്മയെ മര്‍ദിച്ചെന്നും തലപിടിച്ച് ചുമരില്‍ ഇടിപ്പിച്ചപ്പോഴാണ് അബോധാവസ്ഥയിലായതെന്നും കുട്ടി ബന്ധുക്കളോട് പറഞ്ഞു. അച്ഛനെ ഭയന്നാണ് നടന്ന കാര്യം പുറത്തു പറയാതെ ഇരുന്നതെന്നും കുട്ടി പോലീസിനോട് പറഞ്ഞു. തുടര്‍ന്നാണ് കല്ലറ തുറന്ന് പോസ്റ്റ്മാര്‍ട്ടം നടത്താനുള്ള നിയമവഴിയിലേക്ക് പോലീസ് തിരിഞ്ഞത്.