എസ്.രാജേന്ദ്രൻ എംഎൽഎയുടെ മൂന്നാറിലെ വീടിരിക്കുന്നതും കയ്യേറ്റ ഭൂമിയില്‍

വനിതാ സബ്ബ് കളക്ടര്‍ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ എസ്.രാജേന്ദ്രൻ എംഎൽഎയുടെ മൂന്നാറിലെ വീടിരിക്കുന്നത് കയ്യേറ്റ ഭൂമിയിലെന്ന് കണ്ടെത്തൽ. ഇന്നലെ സബ്ബ് കളക്ടറുടെ നിർദ്ദേശ പ്രകാരം മൂന്നാർ വില്ലേജ് ഓഫീസർ നടത്തിയ പരിശോധനയിലാണ് രേഖകൾ ലഭ്യമല്ല എന്ന റിപ്പോർട്ട് നൽകിയിട്ടുള്ളത്.

എംഎൽഎയുടെ സ്ഥലം പട്ടയഭൂമിയോ കയ്യേറ്റ ഭൂമിയോ എന്നു ഉറപ്പാക്കി റിപ്പോർട്ട് നൽകാൻ ദേവികുളം സബ്ബ് കളക്ടർ രേണു രാജാണ് മൂന്നാർ വില്ലേജ് ഓഫീസർക്ക് നിർദ്ദേശം നൽകിയത്. അതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രേഖകൾ കൈവശമില്ലെന്ന റിപ്പോർട്ട് വില്ലേജ് ഓഫീസർ നൽകിയത്. വൈദ്യുതി ബോർഡിന്‍റെ സ്ഥലം കൈയ്യേറിയാണ് എംഎൽഎ വീട് നിർമ്മിച്ചതെന്ന പരാതി ഇപ്പോഴും നിലനിൽക്കുകയാണ്.

ഇതിനിടയിലാണ് മൂന്നാറിലെ അനധികൃത കെട്ടിട നിർമാണം വിവാദത്തിലാകുന്നത്‌. മാത്രമല്ല എംഎൽഎയുടെ വീടിന് സമീപം സിപിഎം നേതാവ് കൈവശം വച്ചിരിക്കുന്ന സ്ഥലത്തു നിന്നും ജെസിബി ഉപയോഗിച്ച് വൻതോതിൽ മണ്ണ് നീക്കം ചെയ്തതിനെതിരെ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. അതേ സമയം എംഎൽഎ രാജി വയ്ക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. സ്ത്രീത്വത്തെ അപമാനിച്ച എസ്.രാജേന്ദ്രനെതിരെ മൂന്നാറിൽ വനിതാ കൂട്ടായ്മ നടന്നു. എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് ജില്ലാ നേതൃത്വവും സമരം ആരംഭിക്കുകയാണ്.

Comments (0)
Add Comment