ട്രംപിനെതിരേ ജനപ്രതിനിധി സഭയുടെ ജുഡീഷറി കമ്മിറ്റി റിപ്പോർട്ട്

യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിനെതിരേ ജനപ്രതിനിധി സഭയുടെ ജുഡീഷറി കമ്മിറ്റി തയാറാക്കിയ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. നാളെ ഡെമോക്രാറ്റ് ഭൂരിപക്ഷ ജനപ്രതിനിധിസഭയിൽ വോട്ടെടുപ്പു നടത്താനിരിക്കേയാണ് 658 പേജുള്ള റിപ്പോർട്ട് പുറത്തുവിട്ടത്. ട്രംപ് അധികാര ദുർവിനിയോഗം നടത്തിയെന്നും ഇംപീച്ച്മെൻറ് അന്വേഷണം തടസപ്പെടുത്തുകയും ചെയ്തു എന്നുമുള്ള രണ്ടു പ്രമേയങ്ങളിന്മേലാണ് വോട്ടെടുപ്പ്.

ഡോണൾഡ് ട്രംപിനെതിരേ കടുത്ത വിമർശനങ്ങളാണ് ഉയർന്നു വന്നത്. വരാൻ പോകുന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ എതിരാളിയാവാൻ സാധ്യതയുള്ള ഡെമോക്രാറ്റ് നേതാവും മുൻ വൈസ്പ്രസിഡൻറുമായ ജോ ബൈഡനെതിരേ അന്വേഷണം നടത്താൻ യുക്രെയ്ൻ പ്രസിഡന്‍റിന്‍റെ മേൽ സമ്മർദം ചെലുത്തിയെന്ന ആരോപണമാണ് ട്രംപിനെതിരേയുള്ള ഇംപീച്ച്മെൻറ് അന്വേഷണത്തിലേക്കു നയിച്ചത്. ബൈഡനെ താറടിക്കാനായി അധികാര ദുർവിനിയോഗം നടത്തുകയാണു ട്രംപ് ചെയ്തതെന്നാണ് ആരോപണം. ഇതേക്കുറിച്ച് ജനപ്രതിനിധിസഭാ കമ്മിറ്റി നടത്തിയ അന്വേഷണം തടസ്സപ്പെടുത്താനും ട്രംപ് മനഃപൂർവ്വം ശ്രമിച്ചു.

ട്രംപ് അധികാരത്തിൽ തുടരുന്നത് രാജ്യസുരക്ഷയെയും ജനാധിപത്യത്തെയും ഭരണഘടനാ ക്രമത്തെയും അപകടത്തിലാക്കുമെന്ന കടുത്ത വിമർശമങ്ങളാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ജനപ്രതിനിധി സഭയിൽ പ്രമേയങ്ങൾ പാസായാൽ റിപ്പബ്ലിക്കൻ ഭൂരിപക്ഷ സെനറ്റിൽ വിചാരണ നടത്തും. എന്നാൽ സെനറ്റ് ഇംപീച്ച്മെൻറ് നിർദേശം തള്ളുമെന്നാണ് വിലയിരുത്തൽ. എന്നാൽ വിചാരണ നേരിടേണ്ടിവരുന്നത് ട്രംപിനും റിപ്പബ്‌ളിക്കൻ പാർട്ടിക്കും ക്ഷീണം ചെയ്യുമെന്നതാണ് മറ്റൊരു വസ്തുത.

ImpeachmentDonald TrumpVote
Comments (0)
Add Comment