കാട്ടാന കൊലപ്പെടുത്തിയ കുഞ്ഞവറാന്‍റെ കുടുംബത്തിന് വീടൊരുങ്ങുന്നു; കൈത്താങ്ങ് പദ്ധതിയിലൂടെ രാഹുല്‍ഗാന്ധി വാക്ക് പാലിച്ചു

Jaihind Webdesk
Friday, April 19, 2024

വയനാട്: കാട്ടാന കൊലപ്പെടുത്തിയ കുഞ്ഞവറാന്‍റെ കുടുംബത്തിനും രാഹുൽഗാന്ധി കൈത്താങ്ങിലൂടെ വീട് ലഭിക്കും. രാഹുല്‍ഗാന്ധി വാക്ക് പാലിച്ചുവെന്ന് ഭാര്യ കുഞ്ഞായിഷ. കഴിഞ്ഞ വർഷം നവംബർ നാലിനാണ് തോട്ടം ജോലിക്ക് പോയ കുഞ്ഞവറാൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്.

കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മേപ്പാടി എളുമ്പിലേരി കുഞ്ഞവറാന്‍റെ കുടുംബത്തിനും രാഹുല്‍ഗാന്ധിയുടെ കൈത്താങ്ങ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടൊരുങ്ങുന്നു. വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ഗാന്ധിയെ കുഞ്ഞവറാന്‍റെ കുടുംബം നേരിട്ടെത്തി കാണുകയും, വീടില്ലാത്തതിന്‍റെ ദുരിതം പങ്കുവെക്കുകയായിരുന്നു. അന്ന് തന്നെ കൈത്താങ്ങ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മ്മിച്ച് നല്‍കാന്‍ കോണ്‍ഗ്രസ് കമ്മിറ്റിയോട് നിര്‍ദേശിക്കുകയായിരുന്നു. പിന്നീട് ബോബി ചെമ്മണ്ണൂര്‍ കുടുംബത്തിന് സൗജന്യമായി നല്‍കിയ സ്ഥലത്ത് വീട് നിര്‍മ്മിക്കാനുള്ള നടപടികള്‍ രാഹുലിന്‍റെ നിര്‍ദേശപ്രകാരം പാര്‍ട്ടി സ്വീകരിക്കുകയായിരുന്നു.

നാല് പെണ്‍മക്കളുള്ള കുടുംബത്തിന്‍റെ ആശ്രയമായിരുന്നു മരിച്ച കുഞ്ഞവറാന്‍. എസ്റ്റേറ്റുപാടിയില്‍ ഏറെ ദുരിതങ്ങളോട് മല്ലടിച്ച് ജീവിക്കുന്ന കുടുംബത്തിന് വീടെന്ന സ്വപ്നം എത്രയോ അകലെയായിരുന്നു.  പാടിയില്‍ വളരെ കഷ്ടപ്പെട്ടായിരുന്നു ജീവിച്ചിരുന്നതെന്നും, സഹായം ചെയ്യാനൊന്നും ആരുമില്ലാതിരുന്ന അവസരത്തിലാണ് രാഹുല്‍ഗാന്ധി വീട് നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞത്. ഒരുപാട് നന്ദിയുണ്ടെന്ന് കുഞ്ഞവറാന്‍റെ ഭാര്യ കുഞ്ഞായിഷ പറഞ്ഞു.