മറിയക്കുട്ടിക്കുള്ള വീട് 12-ന് കൈമാറും; സിപിഎം എന്ന ക്രിമിനല്‍ പാര്‍ട്ടിയാല്‍ വേട്ടയാടപ്പെടുന്ന സാധാരണക്കാരന്‍റെ പ്രതീകമാണ് മറിയക്കുട്ടി; കെ. സുധാകരന്‍

Jaihind Webdesk
Wednesday, July 10, 2024

 

തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിനെതിരെ ഭിക്ഷാപാത്രവുമായി അടിമാലിയിലെ തെരുവിലിറങ്ങിയ മറിയക്കുട്ടിക്ക് കെപിസിസി നിര്‍മിച്ചു നല്‍കിയ വീടിന്‍റെ താക്കോല്‍ വെള്ളിയാഴ്ച പ്രസിഡന്‍റ് കെ. സുധാകരന്‍ കൈമാറും. ഇരുന്നൂറേക്കറില്‍ മറിയക്കുട്ടിയുടെ പഴയവീട് പൊളിച്ചാണ് പുതിയ വീട് നിര്‍മിച്ചത്. ജനുവരിയില്‍ കെപിസിസി വൈസ് പ്രസിഡന്‍റ് വി. പി. സജീന്ദ്രനും ഡീന്‍ കുര്യാക്കോസ് എംപിയും ചേര്‍ന്നാണ് വീടിന് തറക്കല്ലിട്ടത്.

സിപിഎം എന്ന ക്രിമിനല്‍ പാര്‍ട്ടിയാല്‍ വേട്ടയാടപ്പെടുന്ന സാധാരണക്കാരിന്‍റെ പ്രതീകമാണ് മറിയക്കുട്ടിയെന്ന് കെ. സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ‘സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ കോണ്‍ഗ്രസ് കൊണ്ടുവന്നതു തന്നെ ഈ നാട്ടിലെ പാവപ്പെട്ടവന് അവകാശമായാണ്. എന്നാല്‍, പെന്‍ഷന്‍ അവകാശമല്ല ഔദാര്യമാണെന്നാണ് വിജയന്‍റെ സര്‍ക്കാര്‍ കോടതിയില്‍ പ്രഖ്യാപിച്ചത്. ഇത്തരം പ്രഖ്യാപനങ്ങള്‍ മാത്രമല്ല, പെന്‍ഷന്‍ ചോദിച്ചിറങ്ങിയ മറിയക്കുട്ടി ചേട്ടത്തിയെ പോലെയുള്ള പാവങ്ങളെ വ്യാജപ്രചാരണം നടത്തി സിപിഎം നാണംകെടുത്തി’, എന്നും അദ്ദേഹം ആരോപിച്ചു.