തൃശ്ശൂരില്‍ വിസ്മയങ്ങളുടെ മണിക്കൂറുകള്‍; സര്‍പ്രൈസ് കുടകള്‍ വിടര്‍ത്തി പൂരനഗരി

Jaihind Webdesk
Friday, April 19, 2024

തൃശ്ശൂർ: താള മേള വാദ്യ വര്‍ണ വിസ്മയമൊരുക്കി തൃശൂര്‍ പൂരം. ലക്ഷങ്ങളാണ് പൂര നഗരിയില്‍ പൂരാവേശത്തിനൊപ്പം ചേര്‍ന്നത്. പൂരത്തിന്‍റെ പ്രധാന ചടങ്ങായ വെടിക്കെട്ട് പുലര്‍ച്ചെ നടക്കും.

രാവിലെ ഏഴ് മണിയോടെ കണിമംഗലം ശാസ്താവ് എഴുന്നള്ളി തെക്കേ നടയിലൂടെ വടക്കുംനാഥ ക്ഷേത്രത്തില്‍ പ്രവേശിച്ചതോടെ വിസ്മയക്കാഴ്ചകള്‍ക്ക് തുടക്കമായി. കണിമംഗലം ശാസ്താവിന് പിന്നാലെ ഘടക പൂരങ്ങളുടെ വരവ് തുടങ്ങി. പതിനൊന്ന് മണിയോടെ പഴയനടക്കാവ് നടുവില്‍ മഠത്തില്‍ വരവ് ആരംഭിച്ചു. വര്‍ണ്ണവാദ്യമേളങ്ങളുടെ ആഘോഷമായി മാറി മഠത്തില്‍വരവ്.

ഇലഞ്ഞിത്തറയില്‍ കിഴക്കൂട്ട് അനിയന്‍ മാരാരും സംഘവും താളമേള വിസ്മയം തീര്‍ത്തപ്പോള്‍ അത് പൂരാസ്വാദകര്‍ക്ക് ആസ്വാദനത്തിന്‍റെ വിരുന്നൊരുക്കി. മുന്നൂറോളം കലാകാരന്‍മാരാണ് നാദവിസ്മയമൊരുക്കിയത്. രണ്ട് മണിക്കൂറാണ് ഇലഞ്ഞിത്തറ മേളം കൊട്ടിക്കയറിയത്. തുടര്‍ന്നായിരുന്നു നിറപ്പകിട്ടാര്‍ന്ന കുടമാറ്റം. വര്‍ണക്കുടകള്‍ വിസ്മയം നിറച്ചപ്പോള്‍ പൂരാസ്വാദകര്‍ ഇളകിമറിഞ്ഞു.  തിരുവമ്പാടിയും പാറമേക്കാവും മാറി മാറി സര്‍പ്രൈസ് കുടകള്‍ വിടര്‍ത്തി. ചന്ദ്രയാന്‍ കുടയടക്കമുള്ളവ പൂരത്തിന്‍റെ മാറ്റുകൂട്ടി. എല്ലാ അര്‍ത്ഥത്തിലും തൃശ്ശൂരില്‍ താള, മേള, വാദ്യ, വര്‍ണ, വിസ്മയങ്ങളുടെ മണിക്കൂറുകളാണ് കടന്നുപോയത്.