അമിത് ഷായുടെ മഹാരാഷ്ട്ര സന്ദർശനത്തിന് പിന്നാലെ നേതൃത്വത്തെ ഞെട്ടിച്ച് സംസ്ഥാനത്ത് പാർട്ടിയിൽ നിന്ന് കൂട്ടരാജി

Jaihind News Bureau
Wednesday, February 10, 2021

മഹാരാഷ്ട്ര ബിജെപി നേതൃത്വത്തെ ഞെട്ടിച്ച് സംസ്ഥാനത്ത് പാർട്ടിയിൽ നിന്ന് കൂട്ടരാജി. ആഭ്യന്തര മന്ത്രി അമിത് ഷാ മഹാരാഷ്ട്ര സന്ദർശിച്ച് മടങ്ങി മണിക്കൂറുകൾക്കകമാണ് കൂട്ടരാജി.

മുതിർന്ന നേതാവ് നിതീഷ് റാണെയുടെ സ്വന്തം നാടായ കൊങ്കൺ മേഖലയിലെ വൈഭവ് വാദി മുനിസിപ്പൽ കോർപറേഷനിലെ ഏഴു കൗൺസിലർമാരാണ് ബിജെപി വിട്ട് ശിവസേനയിലേക്ക് ചേക്കേറിയത്. രവീന്ദ്ര റോറനെ, സഞ്ജയ് ചവാൻ, സന്തോഷ് പവാർ, രവീന്ദ താംബെ, സ്വപ്‌നിൽ ഇസ്വാൾകർ, ദീപ ഗജോബർ എന്നിവരാണ് പാർട്ടി വിട്ടത്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വസതിയിൽ എത്തിയാണ് ഇവർ ശിവസേന അംഗത്വം സ്വീകരിച്ചത്.

തിങ്കളാഴ്ച വൈഭവ്‌വാദി മുനിസിപ്പൽ കോർപറേഷന്‍ ഉൾപ്പെടുന്ന സിന്ധുദുർഗ് ജില്ലയിലെത്തിയ അമിത് ഷാ തന്‍റെ പ്രസംഗത്തിൽ ശിവസേനയെ രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു.