തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ പരിക്കേറ്റ് ആശുപത്രിയില്‍ ; അന്വേഷിക്കാതെ സർക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും ; പരാതി

Thursday, April 8, 2021

 

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ അധ്യാപികയുടെ സ്ഥിതി അന്വേഷിക്കാന്‍ സർക്കാരോ തെരഞ്ഞെടുപ്പ് കമ്മീഷനോ തയാറായില്ലെന്ന് പരാതി. ഇക്കാര്യത്തില്‍ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കെപിസിസി സെക്രട്ടറിയും കെപിഎസ്ടിഎ മുന്‍ സംസ്ഥാന പ്രസിഡന്‍റുമായ പി ഹരിഗോവിന്ദന്‍ മാസ്റ്റർ ആവശ്യപ്പെട്ടു.

നിയമസഭാ തെരഞ്ഞെടുപ്പിൽ അട്ടപ്പാടി അഗളി ജി.വി.എച്ച്.എസ് സ്കൂളിലെ പോളിംഗ് ബൂത്തിൽ പോളിംഗ് ഓഫീസറായിരുന്നു  കടമ്പൂർ ഹൈസ്ക്കൂൾ അധ്യാപിക വിദ്യ. ഡ്യൂട്ടിക്കിടെ 15 അടി ഉയരമുള്ള കെട്ടിടത്തിൽ നിന്ന് കാൽ തെറ്റി വീണ് ഗുരുതരമായി പരുക്കേറ്റ് പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ ഇപ്പോഴും ചികിത്സയിലാണ് വിദ്യ.

ആശുപത്രിയിലെത്തി മൂന്ന് ദിവസമായിട്ടും സർക്കാരോ തെരഞ്ഞെടുപ്പു കമ്മീഷനോ പോളിംഗ് ഓഫീസറുടെ സ്ഥിതി അന്വേഷിക്കാൻ ഇതുവരെ തയാറായിട്ടില്ല. പോളിംഗ് ഉദ്യോസ്ഥർക്ക് ചികിത്സ, ഇൻഷുറൻസ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളുണ്ട്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ പരിക്കേറ്റ അധ്യാപികയുടെ കാര്യത്തില്‍ സർക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം.