ഹോങ്കോങില്‍ സർക്കാരിനെതിരായ ജനകീയ പ്രക്ഷോഭം വ്യാപിക്കുന്നു; വിമാനത്താവളത്തിന്‍റെ പ്രവർത്തനങ്ങളെയും സാരമായി ബാധിച്ചു

Jaihind Webdesk
Wednesday, August 14, 2019

സർക്കാരിനെതിരായ ജനകീയ പ്രക്ഷോഭം ഹോങ്കോങ് വിമാനത്താവളത്തിന്‍റെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു. പ്രക്ഷോഭകർ ടെർമിനലുകളിൽ തടിച്ചു കൂടി പ്രതിഷേധം തുടങ്ങിയതോടെ ചെക് -ഇൻ നടപടികളും നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു. വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ട വിമാന സർവീസുകളും റദ്ദാക്കി.

തിങ്കളാഴ്ച മുതലാണ് ഹോങ്കോങ് വിമാനത്താവളത്തിലേക്ക് പ്രക്ഷോഭം വ്യാപിച്ചത്. ജനങ്ങൾ തടിച്ചുകൂടിയത് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചതായും പ്രാദേശിക സമയം നാലര മുതൽ എല്ലാ വിമാനങ്ങളുടെയും ചെക്ക് -ഇൻ നടപടികൾ നിർത്തിവെച്ചതായുമാണ് അധികൃതർ അറിയിക്കുന്നത്. പുറപ്പെടേണ്ട എത്ര വിമാനസർവീസുകൾ റദ്ദ് ചെയ്‌തെന്നോ, എത്തിച്ചേരുന്ന വിമാന സർവീസുകളെ ബാധിച്ചോ എന്നിങ്ങനെയുള്ള വിവരങ്ങളിൽ വ്യക്തതയില്ല.

പ്രത്യേക ഭരണ പദവിയുള്ള ഹോങ്കോങിലെ കുറ്റവാളികളെ വിചാരണക്കായി ചൈനയ്ക്ക് വിട്ടുകൊടുക്കാൻ അനുവദിക്കുന്ന പുതിയ ബില്ലിനെതിരെയാണ് ജനങ്ങൾ പ്രക്ഷോഭവുമായി നിരത്തിലിറങ്ങിയത്. ചൈനക്ക് ഹോങ്കോങിന് മേൽ കൂടുതൽ അധികാരം നൽകുന്ന ബില്ലാണ് ഇതെന്ന് ആരോപിച്ചാണ് പ്രക്ഷോഭം വ്യാപിക്കുന്നത്.
മാത്രം പത്തു ലക്ഷത്തോളം പേർ തെരുവിലിറങ്ങിയെന്നാണ് കണക്ക്. ചൈനീസ് സർക്കാരിനെ വിമർശിക്കുന്നവർക്കെതിരെ ഉപയോഗിക്കാനുള്ള കരിനിയമം എന്നാണ് ഹോങ്കോങിലെ ജനാധിപത്യവാദികൾ ബില്ലിനെ വിശേഷിപ്പിക്കുന്നത്. അവിടത്തെ വ്യാപാര സമൂഹവും ബില്ലിനെ എതിർക്കുകയാണ്.