കുറ്റവാളികളെ കൈമാറാനുള്ള വിവാദ ബില്ലിനെതിരായ ജനകീയ പ്രക്ഷോഭത്തിന് വിജയം; ബില്ല് പിൻവലിച്ച് ഹോങ്കോംഗ് സർക്കാർ

Jaihind Webdesk
Wednesday, July 10, 2019

കുറ്റവാളികളെ വിചാരണയ്ക്കായി ചൈനയ്ക്ക് കൈമാറാനുള്ള വിവാദ ബില്ലിനെതിരെ ആഴ്ചകളായി ഹോങ്കോംഗിൽ തുടരുന്ന ജനകീയ പ്രക്ഷോഭത്തിന് വിജയം. ബില്ല് ഹോങ്കോംഗ് സർക്കാർ പിൻവലിച്ചു. ബിൽ പൂർണ പരാജയമാണെന്ന് ഭരണാധികാരി കാരി ലാം സമ്മതിച്ചു.

ഒരുമാസമായി പ്രക്ഷോഭത്തിന്‍റെ തീച്ചൂളയിലായിരുന്നു ഹോങ്കോംഗ്. വിവാദബില്ലിനെതിരെ പൊട്ടിപ്പുറപ്പെട്ട ചൈനാ വിരുദ്ധ പ്രക്ഷോഭം ജനാധിപത്യ പരിഷ്‌കരണത്തിനുള്ള സമരമായി വളരുന്നതിനിടെയാണ് ഹോങ്കോങ് ഭരണകൂടം ബിൽ ഉപേക്ഷിച്ചത്. കഴിഞ്ഞ ദിവസം സേനയും പ്രക്ഷോഭകരും ഏറ്റുമുട്ടിയതിനെ തുടർന്ന് നിരവധി പ്രക്ഷോഭകർ അറസ്റ്റിലായിരുന്നു.

1997 ൽ ഹോങ്കോങ് ചൈനയ്ക്ക് കൈമാറാൻ ബ്രിട്ടൻ തീരുമാനിച്ച ശേഷം ഇത്രയും ഗൗരവമാർന്ന പ്രക്ഷോഭം ഹോങ്കോങിൽ നടന്നിട്ടില്ല. ശക്തമായ പ്രക്ഷോഭവും കടുത്ത പോലീസ് നടപടികളുമാണ് ഉണ്ടായത്. പ്രതിഷേധം കടുത്തതോടെ ബില്ല് മരവിപ്പിക്കുകയും ഹോങ്കോങ് ഭരണകൂടം രാജ്യത്തോട് മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു.

ബില്ലിനെതിരെ 10 ലക്ഷത്തോളം പേരാണ് തെരുവിലിറങ്ങിയത്. സമരത്തിൽ പങ്കെടുക്കാൻ ഹോങ്കോങ്ങിലെ ഒട്ടേറെ സ്ഥാപനങ്ങൾ ജോലിക്കാർക്ക് അവധി അനുവദിച്ചിരുന്നു. ജനകീയ പ്രക്ഷോഭത്തിന്ന് ശക്തമായതോടെ നിയമം നടപ്പാക്കുന്നത് നിറുത്തി വയ്ക്കുകയായിരുന്നു. ഹോങ് കോങ് ചൈനയുടെ ഭാഗമല്ലെന്നാണ് പ്രതിഷേധക്കാരുടെ വാദം.