ചൈനയുമായി കുറ്റവാളി കൈമാറ്റക്കരാർ ഉണ്ടാക്കുന്നതിനുള്ള ബിൽ തത്കാലത്തേക്ക് ഉപേക്ഷിച്ചിട്ടും ഹോങ്കോംഗിൽ പ്രതിഷേധം അവസാനിക്കുന്നില്ല. ബിൽ പൂർണമായി ഉപേക്ഷിക്കണമെന്നും ചീഫ് എക്‌സിക്യൂട്ടീവ് കാരി ലാം രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രക്ഷോഭകർ ഇന്നലെ നടന്ന പ്രകടനം ഹോങ്കോംഗിലെ ജനജീവിതം സ്തംഭിപ്പിച്ചു.
വിക്ടോറിയ പാർക്കിൽനിന്നു രണ്ടു മൈൽ അകലെയുള്ള ഭരണ സിരാകേന്ദ്രമായ അഡ്മിറാലിറ്റി ഡിസ്ട്രിക്ടിലേക്കുള്ള പ്രകടനത്തിൽ ഇരുപതു ലക്ഷം പേർ പങ്കെടുത്തെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രകടനം ആരംഭിച്ച് ഏഴു മണിക്കൂർ പിന്നിട്ടിട്ടും വിക്ടോറിയ പാർക്കിലേക്ക് ജനം എത്തിക്കൊണ്ടിരുന്നു. കഴിഞ്ഞ ഞായറാഴ്ച നടന്ന പ്രകടനത്തിൽ പത്തുലക്ഷം പേരാണു പങ്കെടുത്തത്.
മുൻ പ്രകടനങ്ങളിൽ പോലീസ് അക്രമം കാണിച്ചതിനു ഖേദം പ്രകടിപ്പിച്ച് കാരിലാമിന്റെ ഓഫീസ് ഇന്നലെ പ്രസ്താവന പുറപ്പെടുവിച്ചു. എന്നാൽ ബെയ്ജിംഗിന്റെ പാവയായ ഭരണാധിപ കാരി ലാം രാജിവയ്ക്കാതെ സമരം നിർത്തില്ലെന്നാണു പ്രക്ഷോഭകരുടെ നിലപാട്.
ചൈനീസ് അനുകൂലിയായ കാരി ലാം ശനിയാഴ്ച അപ്രതീക്ഷിതമായി നിലപാടു മാറ്റി. ബിൽ തൽക്കാലത്തേക്ക് ഉപേക്ഷിക്കുകയാണെന്നു പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ പൂർണമായി ഉപേക്ഷിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നാണ് ജനാധിപത്യവാദികളുടെ നിലപാട്. പ്രതിഷേധം കെട്ടടങ്ങുമ്പോൾ ബിൽ വീണ്ടും പരിഗണനയ്ക്ക് എടുത്തേക്കാമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.