മോദി ജാക്കറ്റുകള്‍ക്ക് വിപണിയില്‍ വന്‍തിരിച്ചടി

Jaihind Webdesk
Wednesday, March 13, 2019

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിലുള്ള മോദി ജാക്കറ്റുകള്‍ക്ക് വന്‍തിരിച്ചടി. മഹാരാഷ്ട്രയില്‍ മോദി ജാക്കറ്റുകള്‍ എന്ന പേരില്‍ വിറ്റിരുന്ന ഹാഫ് സ്ലീവ് കോട്ടുകള്‍ വിറ്റുപോകാതെ കെട്ടിക്കിടക്കുന്നത് വ്യാപാരികള്‍ക്ക് തിരിച്ചടി നല്‍കിയിരിക്കുകയാണ്. 2014 ല്‍ ദിവസം 35 ജാക്കറ്റ് വീതം വിറ്റിരുന്നിടത്ത് ഇപ്പോള്‍ ആഴ്ചയില്‍ ഒന്ന് എന്ന നിലയിലേക്ക് കച്ചവടം താഴ്ന്നു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തരംഗമായിരുന്നു ‘മോദി ജാക്കറ്റുകള്‍’. എന്നാല്‍ ഈ തെരഞ്ഞെടുപ്പ് അടുത്തിട്ടും മോദി ജാക്കറ്റുകള്‍ക്ക് വിപണിയില്ലെന്നതാണ് വസ്തുത. മോദിയുടെ ജനപ്രീതി വര്‍ധിക്കുന്നതിന് ഉദാഹരണമായി ബിജെപി ഉയര്‍ത്തിക്കാട്ടിയിരുന്ന ഒന്നായിരുന്നു മോദി ജാക്കറ്റിന്‍റെ വില്‍പന വര്‍ധനവ്. എന്നാല്‍ ജാക്കറ്റിന്‍റെ മാര്‍ക്കറ്റ് ഇടിഞ്ഞത് മോദിയുടെ മാര്‍ക്കറ്റും ഇടിഞ്ഞു എന്നാണ് സൂചിപ്പിക്കുന്നത്.

മഹാരാഷ്ട്രയിലെ കാര്‍ഷിക പ്രതിസന്ധി, നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങിയവ വില്‍പനയെ പ്രതികൂലമായി ബാധിച്ചെന്നാണ് വ്യാപാരികളുടെ വിലയിരുത്തല്‍. നിലവിലുള്ള സ്‌റ്റോക് എങ്ങനെ വിറ്റഴിക്കുമെന്ന ആശങ്കയിലാണു പലരും. അതേ സമയം നെഹ്റു ജാക്കറ്റുകൾക്കും രാഹുൽഗാന്ധി ധരിക്കുന്ന തരത്തിലുള്ള ജാക്കറ്റുകൾക്കും വിപണിയിൽ ജനപ്രീതി ഉയരുകയാണ്.  കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കുമിടയിൽ ഇത്തരം ജാക്കറ്റുകൾ തരംഗമാവുകയാണ്.