പ്രളയ ഫണ്ട്‌ തട്ടിപ്പ് കേസ്  അട്ടിമറിച്ച് ആഭ്യന്തര വകുപ്പ് ; സിപിഎം നേതാക്കൾക്കും ഉദ്യോഗസ്ഥർക്കും പങ്കില്ലെന്ന് മറുപടി

Jaihind News Bureau
Sunday, January 17, 2021

 

കൊച്ചി : സിപിഎം നേതാക്കൾ പ്രതികളായ പ്രളയ ഫണ്ട്‌ തട്ടിപ്പ് കേസ്  അട്ടിമറിച്ച് ആഭ്യന്തര വകുപ്പ്. കേസിൽ കളക്ടറേറ്റ് ജീവനക്കാരനായ വിഷ്ണു പ്രസാദ് മാത്രമാണ് പ്രതിയെന്നും തട്ടിപ്പില്‍  കളക്ടര്‍ക്കോ മറ്റ് ജീവനക്കാര്‍ക്കോ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കോ പങ്കില്ലെന്നും ആഭ്യന്തര വകുപ്പ്. വിവരാവകാശ നിയമപ്രകാരം പരാതിക്കാരനായ ഗിരീഷ് ബാബുവിന് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കത്തിന്‍റെ പകർപ്പ് ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു.

2018ലെ പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും ഒരു കോടിയിലധികം രൂപ തിരിമറി നടത്തിയ കേസിൽ എറണാകുളം കളക്ടറേറ്റിലെ സെക്ഷന്‍ ക്ലര്‍ക്കായ വിഷ്ണുപ്രസാദ് മാത്രമാണ് പ്രതി. വിഷ്ണു പ്രസാദിനെ നേരത്തെ അറസ്റ്റ് ചെയ്യുകയും വകുപ്പുതല നടപടിക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടത്തി കഴിഞ്ഞ ആഗസ്റ്റില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

പരാതിയില്‍ ഉന്നയിച്ചിരുന്ന പോലെ കളക്ടര്‍ക്കോ മറ്റ് ജീവനക്കാര്‍ക്കോ സിപിഎം ഭരണ സമിതിയുള്ള അയ്യനാട് സഹകരണ ബാങ്ക് പ്രസിഡന്റിനോ മറ്റ് രാഷ്ട്രീയക്കാര്‍ക്കോ കേസുമായി ബന്ധമില്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞെന്നും ഡിജിപിയുടെ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ആഭ്യന്തര വകുപ്പ് വ്യക്തമാക്കുന്നു. ക്രൈംബ്രാഞ്ച് കേസിൽ 5 സിപിഎം നേതാക്കൾ ഉൾപ്പെടെ ഉള്ളവർ പ്രതികളായിരുന്നു. കേസിൽ ഇടപെട്ട ഹൈക്കോടതി ഒളിവിൽ കഴിഞ്ഞിരിന്ന സിപിഎം നേതാക്കളോട് കീഴടങ്ങണമെന്നും ഒരു ഘട്ടത്തിൽ ആവശ്യപ്പെട്ടിരുന്നു.

മുഖ്യപ്രതി വിഷ്ണുപ്രസാദ് നടത്തിയ സാമ്പത്തിക തട്ടിപ്പില്‍ പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം കലക്ടറേറ്റിലെ ഉദ്യോഗസ്ഥരും കൂട്ടുനിന്നതായി ജില്ലാ കളക്ടറുടെ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടിലും കണ്ടെത്തലുണ്ടായിരുന്നു. പ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ടവര്‍ക്ക് അര്‍ഹതപ്പെട്ട തുക സിപിഎം നേതാക്കളും കലക്ടറേറ്റിലെ ഉദ്യോഗസ്ഥരും ചേര്‍ന്ന് തട്ടിയെടുത്തതില്‍ ജീവനക്കാരുടെ ഗുരുതര വീഴ്ച ചൂണ്ടിക്കാട്ടിയാണ് കളക്ടര്‍ എസ് . സുഹാസ് ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് നേരത്തെ തയ്യാറാക്കിയിരുന്നത്. എന്നാൽ ഇതെല്ലാം തള്ളിക്കളഞ്ഞുകൊണ്ടാണ് പൊലീസിന്‍റെ അന്വേഷണ റിപ്പോർട്ട്. പ്രളയഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിലും വിഷ്ണു പ്രസാദ് മാത്രമായിരിക്കുമോ പ്രതി എന്നത് ഇനി വ്യക്തമാവാനുണ്ട്.