കൊവിഡിനിടയിലും സെൻട്രൽ വിസ്ത നിര്‍മാണം തകൃതി ; പൊളിച്ചു മാറ്റല്‍ ഭീഷണിയില്‍ ചരിത്രനിര്‍മിതികള്‍‍

ന്യൂഡൽഹി : കൊവിഡ് മഹാമാരിയില്‍ രാജ്യം പ്രാണവായുവിന് വേണ്ടി യാചിക്കുമ്പോഴും അലംഭാവം തുടരുന്ന കേന്ദ്രസര്‍ക്കാരിന്‍റെ മുഴുവന്‍ ശ്രദ്ധയും സെന്‍ട്രല്‍ വിസ്ത പടുത്തുയര്‍ത്തുന്നതിലാണ്. ചരിത്രസ്മാരകങ്ങളെ പൊളിച്ചുമാറ്റിക്കൊണ്ടാണ് പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ നിര്‍മാണം. നാഷണൽ മ്യൂസിയം, ഇന്ദിരാ ഗാന്ധി നാഷണൽ സെന്‍റർ ഫോർ ആർട്സ്, നാഷണൽ ആർക്കൈവ്സ് അനെക്സ് തുടങ്ങിയ ചരിത്രനിർമിതികളാണ് സെന്‍ട്രല്‍ വിസ്തയ്ക്കായി മണ്ണടിയാന്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ട്. പദ്ധതിയുടെ ഭാഗമായി ചരിത്രനിർമിതികൾ സംരക്ഷിക്കുമെന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ കേന്ദ്രം ലോക്‌സഭയെ അറിയിച്ചിരുന്നു.

പുതിയ പാർലമെന്‍റ് മന്ദിരം, പ്രധാനമന്ത്രിക്കും ഉപരാഷ്ട്രപതിക്കും താമസിക്കാനുള്ള വസതികൾ എന്നിവയാണ് പദ്ധതിയുടെ ഭാഗമായി നിർമിക്കുന്നത്. 4.58 ലക്ഷം ചതുരശ്രമീറ്റർ സ്ഥലമാണ് പൊളിച്ചുനീക്കുന്നത്. ശാസ്ത്രി ഭവൻ, കൃഷി ഭവൻ, വിജ്ഞാൻ ഭവൻ, ജവാഹർ ഭവതി, രക്ഷാ ഭവൻ, ഉദ്യോഗ് ഭവൻ, ഉപരാഷ്ട്രപതിയുടെ വസതി എന്നിവയും പൊളിച്ചുമാറ്റും. വിലമതിക്കാൻ പറ്റാത്ത നിരവധി പ്രതിമകൾ, നാണയങ്ങൾ, പെയിന്‍റിംഗുകൾ, ആഭരണങ്ങൾ, ഹാരപ്പയിലെ നൃത്തം ചെയ്യുന്ന പെൺകുട്ടി, തഞ്ചാവൂർ പെയിന്‍റിംഗുകൾ, ചോള നിർമിതിയായ നടരാജന്‍റെ വെങ്കല പ്രതിമ എന്നിങ്ങനെയുള്ളവ നോർത്ത് ബ്ലോക്കിലേക്കോ സൗത്ത് ബ്ലോക്കിലേക്കോ മാറ്റുമെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

നാഷണൽ ആർക്കൈവ്സ് പ്രധാന മന്ദിരം മാത്രം നിലനിര്‍ത്തിക്കൊണ്ട് ചുറ്റുമുള്ള മറ്റ് കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി പുതിയത് പണിയാനാണ് നീക്കം. 45 ലക്ഷം ഫയലുകൾ, 25,000 അത്യപൂര്‍വ കൈയെഴുത്തു രേഖകള്‍, ഒരു ലക്ഷത്തിലേറെ മാപ്പുകൾ എന്നിവ നീക്കം ചെയ്യുമ്പോള്‍ നഷ്ടമാവാനോ കേടുപാടുകള്‍ സംഭവിക്കാനോ സാധ്യത ഏറെയാണ്. ഇന്ദിരാ ഗാന്ധി സെന്‍റർ ഫോർ ആർട്സിലെ ചരിത്രപ്രാധാന്യമുള്ള വസ്തുവകകൾ ജൻപഥ് ഹോട്ടലിലേക്ക് മാറ്റും.

അതിരൂക്ഷമായ കൊവിഡ് വ്യാപനവും വാക്സിനേഷന്‍ പോലും അവതാളത്തിലായിരിക്കുന്ന സ്ഥിതിയാണ് രാജ്യത്തുള്ളത്. മെഡിക്കല്‍ ഓക്സിജന്‍ വിഷയത്തില്‍ സുപ്രീം കോടതി ഇടപെടേണ്ടുന്ന സാഹചര്യവുമുണ്ടായി. കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്രസര്‍ക്കാരിന്‍റെ ഗുരുതര വീഴ്ച വിദേശമാധ്യമങ്ങള്‍ വരെ വാര്‍ത്തയാക്കിയിരുന്നു. രാജ്യം ശവപ്പറമ്പായി മാറുമ്പോഴും സെന്‍‍ട്രല്‍ വിസ്തയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു മുടക്കവും വരുത്താന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. സര്‍ക്കാര്‍ നടപടിക്കെതിരെ വ്യാപക വിമര്‍ശനമാണ് എല്ലാ കോണുകളില്‍ നിന്നും ഉയരുന്നത്. എന്തായാലും 20,000 ലേറെ  കോടി ചെലവിട്ട് പുതിയ പാർലമെന്‍റ് മന്ദിരം നിർമിക്കാനുള്ള സെൻട്രൽ വിസ്‌താ പദ്ധതിയുടെ ഭാഗമായി ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങളും പൊളിച്ചുമാറ്റൽ ഭീഷണി നേരിടുകയാണ്.

Comments (0)
Add Comment