ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർച്ചയായ ആറാം ജയവുമായി ലിവർപൂൾ

Jaihind News Bureau
Sunday, September 23, 2018

പ്രീമിയർ ലീഗ് ചാമ്പ്യൻപട്ടം ഇത്തവണ വിട്ടുനൽകില്ലെന്ന് ഉറപ്പിച്ച് മുഹമ്മദ് സലായും കൂട്ടരും. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർച്ചയായ ആറാം മത്സരവും ലിവർപൂൾ വിജയിച്ചു.

പ്രീമിയർ ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കുതിപ്പിലാണ് ലിവർപൂൾ ഇപ്പോൾ ഉള്ളത്. സതാംപ്ടണ് എതിരെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ലിവർപൂൾ വിജയിച്ചത്. കുറച്ച മത്സരങ്ങളായി ഗോൾ കണ്ടെത്താനാകാതെ വിഷമിച്ച സലായുടെ ഗോൾ നേട്ടവും ലിവർപൂൾ ജയത്തിൽ ആരാധകരുടെ സന്തോഷം ഇരട്ടിയാക്കി. ആദ്യ പകുതിയിലായിരുന്നു ലിവർപൂളിന്റെ മൂന്ന് ഗോളുകളും പിറന്നത്.

ആദ്യ ഗോൾ പത്താം മിനുട്ടിൽ ഹോഡറ്റ് വഴങ്ങിയ സെൽഫ് ഗോളിലൂടെ ആയിരുന്നു. പിന്നീട് 21ആം മിനുറ്റിൽ മാറ്റിപ്പ് ലീഡ് ഇരട്ടിയാക്കി. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പായിരുന്നു സലായുടെ ഗോൾ.

ലിവർപൂളിന് ലീഗിലെ ആറാം ജയവും സീസണിലെ ഏഴിൽ ഏഴാം ജയവുമാണിത്. ആൻഫീൽഡിൽ വേറൊരു ക്ലീൻഷീറ്റ് കൂടെ ഇന്ന് ലിവർപൂൾ സ്വന്തമാക്കി. 750 മിനുറ്റുകളിൽ അധികമായി ലിവർപൂൾ ആൻഫീൽഡിൽ ഒരു ഗോൾ വഴങ്ങിയിട്ട്.