5 ലക്ഷം തൊഴിലവസരങ്ങള്‍, പെന്‍ഷന്‍ പദ്ധതി, സൗജന്യ വൈദ്യുതി; ഹിമാചലില്‍ ജനപ്രിയ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് പ്രകടനപത്രിക

 

ഹിമാചല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ യുവാക്കളെയും കര്‍ഷകരെയും ലക്ഷ്യമിട്ടുള്ള വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ്. പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുമെന്നും 5 ലക്ഷം തൊഴിലവസരങ്ങള്‍ ഉറപ്പാക്കുമെന്നുമാണ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍ . കര്‍ഷകരില്‍ നിന്ന് ദിവസവും 10 ലിറ്റര്‍ പാലും കിലോക്ക് രണ്ട് രൂപ നിരക്കില്‍ ചാണകവും വാങ്ങും , 18 നും 60 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രതിമാസം 1500 രൂപ ധനസഹായം. 300 യൂണിറ്റ് സൗജന്യ വൈദ്യുതി തുടങ്ങിയവയാണ് കോണ്‍ഗ്രസിന്റെ പ്രധാന വാഗ്ദാനങ്ങള്‍. കൂടാതെ സര്‍ക്കാര്‍ രൂപീകരിച്ചാലുടന്‍ മന്ത്രിസഭയുടെ ആദ്യ യോഗത്തില്‍ തന്നെ ഒരു ലക്ഷം സര്‍ക്കാര്‍ ജോലികള്‍ നല്‍കും. എല്ലാ ഗ്രാമങ്ങളിലും മൊബൈല്‍ ക്ലിനിക്കുകള്‍ തുറന്ന്  ഇതു വഴി സൗജന്യ ചികിത്സ ഉറപ്പുവരുത്തും. യുവാക്കള്‍ക്കായി 680 കോടിയുടെ സ്റ്റാര്‍ട്ടപ്പ് ഫണ്ട് എന്നിവ പ്രകടനപത്രികയില്‍ പറയുന്നു. ഒഴിവുള്ള സര്‍ക്കാര്‍ തസ്തികകളും നികത്തുകയും യുവാക്കള്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കുകയും ചെയ്യും. വാര്‍ദ്ധക്യ പെന്‍ഷന്‍ വര്‍ധിപ്പിക്കും. 75 വയസ്സിന് മുകളിലുള്ള പൗരന്മാര്‍ക്ക് പ്രത്യേക സാമൂഹിക സുരക്ഷാ പെന്‍ഷന്‍ നല്‍കും, തുടങ്ങിയവയും പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ബിജെപി ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണെന്ന് പാര്‍ട്ടി പ്രകടനപത്രിക കമ്മിറ്റി പ്രസിഡന്റ് ധനി റാം ഷാന്‍ഡില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹിമാചലിലെ പൊതുജനങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്തു. അഞ്ച് വര്‍ഷത്തിന് ശേഷം, പൊതുജനങ്ങള്‍ വഞ്ചിക്കപ്പെട്ടതായി തോന്നുന്നു, കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ നല്‍കിയ വാഗ്ദാനങ്ങളെല്ലാം പാലിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് വെറും പ്രകടനപത്രികയല്ലെന്നും ഹിമാചല്‍ പ്രദേശിന്റെ ചരിത്രവും സംസ്‌കാരവും അനുസരിച്ചുള്ള രേഖയാണെന്നും കോണ്‍ഗ്രസ് അതിന്റെ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടരും. ഞങ്ങള്‍ക്ക് വേണ്ടത് പൊതുജനങ്ങളുടെ പിന്തുണയും വിശ്വാസവും മാത്രമാണെ ന്നും ഷാന്‍ഡില്‍ കൂട്ടിച്ചേര്‍ത്തു.

നാളെ ബി ജെ പി പ്രകടനപത്രിക പുറത്തിറക്കും. ഇന്ന് സംസ്ഥാനത്തെത്തിയ പ്രധാനമന്ത്രി നരേന്ദമോദി സുന്ദര്‍ നഗറിലും സോളനി ലുമായി രണ്ട് റാലികളെ അഭിസംബോധന ചെയ്യും.

Comments (0)
Add Comment