കനത്ത സാമ്പത്തിക അച്ചടക്കം ജീവനക്കാർക്ക് മാത്രം; പിച്ചച്ചട്ടിയിൽ വരെ കൈയ്യിട്ടുവരുന്നതിനിടയിലും സ്പ്രിങ്ക്ളർ വാദത്തിന് ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന ‘അതിഥി’ അഭിഭാഷക ഹൈക്കോടതിയിലെത്തിയത് സ്പ്രിങ്ക്ളറിന്‍റെ താൽപര്യം സംരക്ഷിക്കാനോ..?

മഹാദുരന്തങ്ങളെ പ്രതിരോധിക്കാൻ സർക്കാർ ജീവനക്കാരുടെ പിച്ചച്ചട്ടിയിൽ വരെ കൈയ്യിട്ടുവരുന്നതിനിടെ ലക്ഷങ്ങൾ ശമ്പളം നൽകുന്ന സർക്കാർ അഭിഭാഷകരെ മാറ്റിനിർത്തി സ്പ്രിങ്ക്ളർ കേസിൽ വാദിക്കാൻ അതിഥി അഭിഭാഷകയെ രംഗത്തിറക്കിയ സർക്കാർ നീക്കവും വിവാദത്തിൽ.

സ്പ്രിങ്ക്ളർ കേസിൽ ഇന്ന് ഹൈക്കോടതിയിൽ സർക്കാരിനുവേണ്ടി വീഡിയോ കോൺഫറൻസിലൂടെ വാദിച്ചത് പ്രമുഖ സുപ്രീംകോടതി അഭിഭാഷകയും മണിക്കൂറിന് ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന അഭിഭാഷകയുമായ അഡ്വ. എൻ എസ് നാപ്പിനൈ ആണ്. സ്പ്രിങ്ക്ളർ ഇടപാടിൽ ആരോപണ വിധേയനായ ഐ.ടി സെക്രട്ടറി ശിവശങ്കരന്‍റെ അടുത്ത സുഹ്യത്ത് കുടിയാണ് നാപ്പിനൈ.

രാജ്യത്തെ പ്രമുഖ സൈബർ നിയമവിദഗ്ദ്ധ എന്ന നിലയിലാണ് നാപ്പിനൈയെ രംഗത്തിറക്കിയതെന്നാണ് സർക്കാർ വാദമെങ്കിലും സർക്കാർ പ്രതിക്കൂട്ടിലായ സ്പ്രിങ്ക്ളർ ആരോപണത്തിൽ അന്വേഷണം ആവശ്യമില്ലെന്നു കോടതിയെ ബോധിപ്പിക്കാനായിരുന്നു ലക്ഷങ്ങളൊഴുക്കി നാപ്പിനൈയെ രംഗത്തിറക്കിയത്.

എന്നാൽ സർക്കാർ വിശദീകരണങ്ങൾ തൃപ്തികരമല്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

ഭരണഘടന, ക്രിമിനൽ, ഐ പി ആർ, സൈബർ നിയമങ്ങൾ എന്നിവയിൽ വൈദഗ്ധ്യമുള്ള 29 വർഷത്തെ പരിചയ സമ്പത്തുള്ള മുതിർന്ന അഭിഭാഷകയാണ് അഡ്വ. എൻ എസ് നാപ്പിനൈ.

ക്യാബിനറ്റ് പദവിയുള്ള അഡ്വക്കേറ്റ് ജനറൽ, മുഖ്യമന്ത്രിക്ക് നിയമ ഉപദേഷ്ടാവ്, സർക്കാരിന്‍റെ കേസുകൾ ഹൈക്കോടതിയിൽ നോക്കി നടത്താൻ സ്‌പെഷ്യൽ ലെയിസൺ ഓഫീസറായ വേലപ്പൻ നായർ, നൂറ് നൂറ്റിപ്പത്ത് ഗവണ്മെന്‍റ് പ്ലീഡറന്മാർ, സ്പ്രിങ്ക്ളർ കരാറിൽ ഒപ്പുവെച്ച പണ്ഡിതനായ ഐ ടി സെക്രട്ടറി – ഇങ്ങനെ കുറെ യോഗ്യന്മാരുണ്ടായിട്ടും സർക്കാരിനു വേണ്ടി കേസ് നടത്താൻ ബോംബെയിൽ നിന്ന് വൻ തുക കൊടുത്ത് അഡ്വ. എൻ. എസ്. നാപ്പിനൈയെ രംഗത്തിറക്കേണ്ടി വന്നു. വൻകിട ഐ.ടി കമ്പനികൾക്ക് വേണ്ടി കേസ് വാദിക്കുന്ന നാപ്പിനൈയെ സർക്കാർ താൽപര്യം അല്ല മറിച്ച് സ്പ്രിങ്ക്ളറിന്‍റെ താൽപര്യം സംരക്ഷിക്കാനാണ് രംഗത്തിറിക്കിയതെന്നും വ്യക്തമാണ്.

സർക്കാർ ചെലവ് ചുരുക്കാനുള്ള വ്യത്യസ്ത മാർഗ്ഗങ്ങൾ തേടുകയും നികുതി ഉൾപ്പെടെയുള്ള വരുമാന മാർഗ്ഗങ്ങൾ അടയുകയും ചെയ്തിരിക്കെ അനവധി സർക്കാർ അഭിഭാഷകരെ നോക്കിനിർത്തി അതിഥി അഭിഭാഷകയെ രംഗത്തിറക്കിയ ധൂർത്തും അതിന്‍റെ ഉദ്ദേശ്യലക്ഷ്യവും ഒരുപോലെ പരിഹാസ്യമാണെന്ന ആരോപണമാണ് ഉയരുന്നത്. ഇവർക്കായി ചിലവാക്കിയ തുക എത്രയെന്നു വരും ദിവസങ്ങളിൽ അറിയാം. കൃപേഷ്, ശരത്ത് ലാൽ, ശുഹൈബ് കൊലപാതക കേസുകളിലെ പ്രതികളായ സി.പി.എമ്മുകാരെ രക്ഷിക്കാൻ സർക്കാർ ഖജനാവിൽ നിന്ന് വൻ തുക ചെലവഴിച്ചതിന് പിന്നാലെയാണ് അന്താരാഷ്ട കുത്തക കമ്പനിക്ക് വേണ്ടി ലക്ഷങ്ങൾ ചെലവഴിക്കാൻ സർക്കാർ തയ്യാറായിരിക്കുന്നത്.

Comments (0)
Add Comment