സർവേ നടത്താതെ ഭൂമി ഏറ്റെടുക്കുന്നതെങ്ങനെ? സില്‍വർ ലൈനില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി

Jaihind Webdesk
Thursday, January 6, 2022

 

കൊച്ചി : സിൽവർലൈൻ പദ്ധതിയിൽ നിർണായക ചോദ്യങ്ങളുമായി ഹൈക്കോടതി. സർവേ നടത്താതെ 955 ഹെക്ടർ ഭൂമി എറ്റെടുക്കണമെന്ന് വിവരം ലഭിച്ചത് എങ്ങിനെയെന്നായിരുന്നു കോടതിയുടെ ചോദ്യം. ഭൂമി ഏറ്റെടുക്കൽ നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പദ്ധതിയുടെ ഭാഗമായി സ്ഥലം നഷ്ടമാകുന്ന നാല് വ്യക്തികൾ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ചോദ്യം. ഏറ്റെടുക്കേണ്ട ഭൂമിയുടെ വിശദാംശങ്ങൾ എങ്ങനെ ലഭിച്ചെന്നും കോടതി ചോദിച്ചു.

സർക്കാർ വിജ്ഞാപനം നിയമവിരുദ്ധമാണെന്നും കേന്ദ്ര അനുമതിയില്ലാതെ റെയിൽവെ പദ്ധതികൾക്ക് സ്ഥലം ഏറ്റെടുക്കാനാവില്ലെന്നും റെയിൽ പദ്ധതികൾക്ക് ഭൂമി ഏറ്റെടുക്കാനുള്ള അധികാരം കേന്ദ്രത്തിന് മാത്രമാണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.  കേന്ദ്ര അനുമതിയില്ലാതെയാണ് കേരളത്തിൽ 11 ജില്ലകളിൽ ഓഫിസ് തുറക്കുന്നതിനും ഭൂമി സർവേ നടപടികൾക്കുമായി വിജ്‍ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇവ നിയമസാധുത ഇല്ലെന്ന വാദമാണ് ഇവർ ഉയർത്തിയിരിക്കുന്നത്. ഈ വിജ്ഞാപനങ്ങൾ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. ഹർജി ബുധനാഴ്ച കോടതി പരിഗണിക്കും.