സർക്കാർ ഒന്നും ചെയ്തില്ല, അനാസ്ഥ കണ്ടുനില്‍ക്കാനാവില്ല; കവളപ്പാറയില്‍ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Jaihind Webdesk
Saturday, July 16, 2022

കൊച്ചി: കവളപ്പാറപുനരധിവാസത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ദുരന്ത ഭൂമി പഴയ നിലയിലാക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. സര്‍ക്കാരിന്‍റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമല്ല. അനാസ്ഥ ഇനിയും കണ്ടുനില്‍ക്കാനാകില്ലെന്നും ഹൈക്കോടതി പറഞ്ഞു. കേസില്‍ റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ഹൈക്കോടതി കക്ഷിചേര്‍ത്തു.

കവളപ്പാറയില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നില്ലെന്ന് കാണിച്ചുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി സർക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ദുരന്ത ഭൂമി പഴയ നിലയിലാക്കാനായി കാര്യമായ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ നടക്കുന്നില്ലെന്ന് വിലയിരുത്തിയ കോടതി സർക്കാരിനോട് ചോദ്യങ്ങളും ഉന്നയിച്ചു.

ദുരന്തഭൂമി പഴയ നിലയിലാക്കാന്‍ ഇതുവരെ എന്തുചെയ്തു?  ദുരന്തത്തിനിരയായവരുടെ കുടുംബങ്ങളുടെ പുനരധിവാസത്തിന് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു? ഭൂമി പഴയനിലയിലാക്കാന്‍ കഴിയില്ലെങ്കില്‍ എന്തുചെയ്യാന്‍ സാധിക്കും?  കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടി സർക്കാർ നല്‍കണം. കവളപ്പാറയിലെ പുനരധിവാസ നടപടികള്‍ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ടും സര്‍ക്കാര്‍ സമര്‍പ്പിക്കണം.