ക്വാറികളുടെ ദൂരപരിധി : ഹരിത ട്രിബ്യൂണലിന്‍റെ ഉത്തരവിന് സ്‌റ്റേ

സംസ്ഥാനത്തെ ക്വാറികളുടെ ദൂരപരിധി സംബന്ധിച്ച ഹരിത ട്രിബ്യൂണലിന്‍റെ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. സര്‍ക്കാരിന്‍റെ സത്യവാങ്മൂലം കണക്കിലെടുത്താണ് കോടതി നടപടി. എന്നാൽ, പ്രകൃതി ദുരന്തങ്ങളും, പ്രളയവും പാഠമാക്കാതെയാണ് ഹരിത ട്രിബ്യൂണൽ ഉത്തരവിനെതിരെ സര്‍ക്കാര്‍ ഹൈകോടതിയിൽ സത്യവാങ്മൂലം നൽകിയതെന്ന വിമർശനമുണ്ട്. ഹർജി നാളെ വീണ്ടും ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.

ജനവാസകേന്ദ്രത്തില്‍ നിന്നുള്ള ക്വാറികളുടെ ദൂരപരിധി 200 മീറ്റര്‍ വേണമെന്ന ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് ഹൈക്കോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തു. ട്രിബ്യൂണല്‍ ഉത്തരവ് ചോദ്യംചെയ്ത് ക്വാറി ഉടമകള്‍ നല്‍കിയ ഹര്‍ജിയില്‍ – പ്രകൃതി ദുരന്തങ്ങളും പ്രളയവും പാഠമാക്കാതെ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം കണക്കിലെടുത്താണ് ഹൈക്കോടതിയുടെ ഇടക്കാല സ്‌റ്റേ.

പാലക്കാട് ജില്ലയിലെ ഒരു പരാതി പരിഗണിച്ചുകൊണ്ടായിരുന്നു സംസ്ഥാനത്തെ ക്വാറികള്‍ക്ക് 200 മീറ്റര്‍ ദൂരപരിധി നിശ്ചയിച്ചുകൊണ്ട് ഹരിത ട്രിബ്യൂണല്‍ നേരത്തെ ഉത്തരവിട്ടിരുന്നത്. പരിസ്ഥിതി വകുപ്പിനെ മാത്രം കേട്ടുകൊണ്ടാണ് ഹരിത ട്രിബ്യൂണല്‍ തീരുമാനമെടുത്തത് എന്നായിരുന്നു പാറമട ഉടമകളുടെ ആരോപണം. ഇക്കാര്യo പ്രഥമദൃഷ്ട്യാ ബോധപ്പെട്ടതിനെ തുടര്‍ന്നാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് സ്‌റ്റേ അനുവദിച്ചത്. 50 മീറ്ററാണ് സംസ്ഥാനത്തെ പാറമടകള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിരുന്ന ദൂരപരിധി.

ഹരിതട്രിബ്യൂണലിന്റെ ഉത്തരവ് സര്‍ക്കാരിന്റെ അഭിപ്രായം ചോദിച്ച ശേഷമല്ല എന്നും, സര്‍ക്കാർ സമിതികള്‍ പഠിച്ച ശേഷമാണ് 50 മീറ്റര്‍ ദൂരപരിധി ഉത്തരവ് നിശ്ചയിച്ചത് എന്നു തുടങ്ങിയ കാര്യങ്ങളാണ് സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചത്. ഹരിത ട്രിബ്യൂണലിന്റെ ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിക്കുമെന്നും അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ലൈസന്‍സുള്ള ക്വാറികളില്‍ ഭൂരിഭാഗവും 200 മീറ്റര്‍ ദൂരപരിധിയിലല്ല എന്നതിനാല്‍ – ക്വാറി ഉടമകള്‍ക്ക് സഹായകരമാണ് സര്‍ക്കാര്‍ നിലപാട്. പരാതിക്കാരല്ല , സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ് കോടതിയെ സമീപിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. സ്‌ഫോടനം നടത്തിയുള്ള ക്വാറികള്‍ക്ക് 200 മീറ്ററും, സ്‌ഫോടന മില്ലാതെയുള്ള ഖനനത്തിന് 100 മീറ്റര്‍ അകലവും ജനവാസ മേഖലയില്‍ ഉറപ്പാക്കണമെന്നായിരുന്നു ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവ്. ഹൈക്കോടതി ഉത്തരവോടെ നിലവിലുണ്ടായ രീതിയില്‍ തന്നെ പാറമടകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കും.

Comments (0)
Add Comment