കേരളബാങ്കിലെ പിന്‍വാതില്‍ നിയമന നീക്കം തടഞ്ഞ് ഹൈക്കോടതി ; സർക്കാരിന് തിരിച്ചടി

Jaihind News Bureau
Monday, February 15, 2021

 

കൊച്ചി : പിൻവാതിൽ നിയമനത്തിലൂടെ കേരള ബാങ്കിൽ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സർക്കാർ നീക്കത്തിന് തിരിച്ചടി. 1850 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ ഉള്ള നീക്കം  ഹൈക്കോടതി സ്റ്റേ ചെയ്തു. പി.എസ്‌.സി ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥിയുടെ ഹർജിയിലാണ് കോടതി നടപടി.

കേരള ബാങ്ക് ബോർഡ് യോഗം ചൊവ്വാഴ്ച സ്ഥിരപ്പെടുത്തൽ സംബന്ധിച്ച് ചർച്ചചെയ്യാൻ ഇരിക്കെയാണ് ഹൈക്കോടതിയുടെ ഇടപെടൽ. പി.എസ്‍.സിക്ക് വിടാത്ത തസ്തികകളിലേക്കാണ് നിയമനം നടത്തുന്നതെന്ന സർക്കാർ വാദം തള്ളിക്കൊണ്ടാണ് ഹൈക്കോടതി നടപടി.

കണ്ണൂർ സ്വദേശി എ ലിജിത് ആണ് സർക്കാർ നീക്കത്തെ ചോദ്യം ചെയ്ത് ഹർജി നൽകിയത്. കേരള ബാങ്കിൽ ചീഫ് എക്സിക്യൂട്ടീവ് മുതൽ പ്യൂൺ വരെയുള്ള നിയമനത്തിന് പി.എസ്‌.സിക്കാണ് അധികാരമെന്ന് ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നു. പി.എസ്.സി വഴിയാണെങ്കില്‍ വിവിധ തസ്തികകളിലേക്ക് തനിക്ക് അപേക്ഷിക്കാമായിരുന്നുവെന്നും ഹർജിക്കാരന്‍ പറയുന്നു. കേരള സഹകരണ സൊസൈറ്റി നിയമത്തിന്‍റെ ലംഘനമാണ് സർക്കാർ നീക്കമെന്നും ഹർജിക്കാർ പറഞ്ഞു.

തുടർ ഭരണം ലഭിക്കില്ലെന്ന് ഉറപ്പായതോടെ പാർട്ടി അനുഭാവികളെയും ബന്ധുക്കളെയും വിവിധ വകുപ്പുകളില്‍ തിരുകിക്കയറ്റുന്ന തിരക്കിലാണ് സർക്കാർ. സർക്കാരിന്‍റെ പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധമാണ് സംസ്ഥാനമൊട്ടാകെ ഉയരുന്നത്.