കിഫ്ബി മസാല ബോണ്ട്: തോമസ് ഐസക്കിന് സമൻസ് അയക്കാൻ ഇഡിക്ക് ഹൈക്കോടതിയുടെ അനുമതി

 

കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ മന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്ക് സമൻസ് അയയ്ക്കാൻ ഇഡിക്ക് അനുമതി. ഹൈക്കോടതിയുടേതാണ് ഇടക്കാല ഉത്തരവ്. സമന്‍സ് അയക്കുന്നതിനുള്ള തടസം നീക്കിക്കൊണ്ട് മുന്‍ ഉത്തരവ് കോടതി ഭേദഗതി ചെയ്തു.

തോമസ് ഐസക്കിനെ ചോദ്യംചെയ്താൽ മാത്രമേ കേസുമായി മുന്നോട്ടുപോകാന്‍ സാധിക്കൂ എന്ന് ഇഡിക്കു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി. തുടർന്നാണ് കിഫ്ബിയുമായി ബന്ധപ്പെട്ട് വിദേശനാണ്യ വിനിമയച്ചട്ടത്തിലെ (FEMA) നിയമലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് തോമസ് ഐസക് അടക്കമുള്ളവര്‍ക്ക്‌ സമന്‍സ് അയക്കാമെന്ന് കോടതി വ്യക്തമാക്കിയത്. തോമസ് ഐസക് അടക്കമുള്ളവര്‍ക്കു നോട്ടീസ് അയയ്ക്കുന്നത് രണ്ടു മാസത്തേക്ക് സ്റ്റേ ചെയ്തിരുന്നു. ഈ ഉത്തരവ് പുതുക്കിക്കൊണ്ടാണ് പുതിയ ഉത്തരവ്.

പുതിയ സമൻസ് അയക്കാൻ തയ്യാറാണെന്ന് ഇഡി കോടതിയെ അറിയിച്ചു. ഇന്നലെയാണ് ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വന്നത്. ഇതിന്‍റെ ഇടക്കാല ഉത്തരവിന്‍റെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അടുത്ത ദിവസങ്ങളിൽതന്നെ തോമസ് ഐസക്കിന് ഇഡി സമൻസ് അയച്ചേക്കും. ഡിസംബർ ഒന്നിന് ഹെെക്കോടതി കേസ് വീണ്ടും പരി​ഗണിക്കും.

Comments (0)
Add Comment