സിപിഎമ്മിന് തിരിച്ചടി; കാസര്‍ഗോഡ് ജില്ലയില്‍ 50 പേരില്‍ കൂടുതലുള്ള സമ്മേളനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി

Jaihind Webdesk
Friday, January 21, 2022

 

കൊച്ചി : രൂക്ഷമായ കൊവിഡ് വ്യാപനത്തിനിടയിലും ജില്ലാ സമ്മേളനങ്ങളുമായി മുന്നോട്ട് പോകുന്ന സിപിഎമ്മിന് തിരിച്ചടി. തീവ്ര കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കാസര്‍ഗോഡ് ജില്ലയിൽ 50 പേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന സമ്മേളനങ്ങള്‍ക്ക് ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തി. കൊവിഡ് പശ്ചാത്തലത്തിൽ പൊതുയോഗങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിച്ച നടപടി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.

സംസ്ഥാന സർക്കാരിനെയും സിപിഎം കാസർഗോഡ് ജില്ലാ സെക്രട്ടറിയെയും എതിർകക്ഷിയാക്കിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. തിരുവനന്തപുരം സ്വദേശിയാണ് ഹൈക്കോടതിയിൽ ഹര്‍ജി നൽകിയത്. റിപ്പബ്ലിക് ദിനാഘോഷത്തില്‍ പോലും ആളുകളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയപാര്‍ട്ടികളുടെ സമ്മേനങ്ങള്‍ക്ക് എന്താണ് പ്രത്യേകതയെന്ന് കോടതി ചോദിച്ചു. സമ്മേളനങ്ങളില്‍ 50 പേരില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്നില്ലെന്ന് ജില്ലാ കളക്ടര്‍ ഉറപ്പാക്കണമെന്ന് കോടതി നിര്‍ദേശം നല്‍കി. കാസർഗോഡ് 36 ശതമാനമാണ് ആശുപത്രിയിൽ ഉള്ളവരുടെ നിരക്കെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരാഴ്ചത്തേക്കാണ് ഇടക്കാല ഉത്തരവിന് പ്രാബല്യം.

കൊവിഡ് വ്യാപനം കണക്കിലെടുത്ത് പൊതുയോഗങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന് മണിക്കൂറുകള്‍ക്ക് പിന്നാലെ കാസർഗോഡ് ജില്ലാ കളക്ടര്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് ഉത്തരവിറക്കുകയായിരുന്നു. ഇത് ജില്ലയിലെ സിപിഎം സമ്മേളനം കണക്കിലെടുത്താണെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. ഇതിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.

അതിനിടെ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന കാസർഗോഡ്, തൃശൂർ ജില്ലാ സമ്മേളനങ്ങൾ സിപിഎം വെട്ടിച്ചുരുക്കി. ഇന്ന് തുടങ്ങിയ സമ്മേളനങ്ങൾ നാളെ സമാപിക്കും. ഞായറാഴ്ച ലോക്ക്ഡൗണായ സാഹചര്യത്തിലാണ് തീരുമാനമെന്ന് പാർട്ടി നേതൃത്വം വിശദീകരിക്കുന്നു.