എറണാകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി ഹൈബി ഈഡന്‍ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

Jaihind Webdesk
Thursday, April 4, 2024

 

കൊച്ചി: എറണാകുളം പാർലമെന്‍റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഹൈബി ഈഡന്‍ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. രാവിലെ 11 മണിയോടെ കളക്ടറേറ്റിലെത്തിയാണ് ഹൈബി പത്രിക സമർപ്പിച്ചത്. രാവിലെ പത്തരയ്ക്ക് കാക്കനാട് കോൺഗ്രസ് ഓഫീസിൽ നിന്നും പ്രകടനമായാണ് പത്രികാ സമർപ്പണത്തിനായി എത്തിയത്. ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്, എംഎല്‍എമാരായ ടി.ജെ. വിനോദ്, അന്‍വർ സാദത്ത് തുടങ്ങിയവരും ഹൈബി ഈഡന് ഒപ്പമുണ്ടായിരുന്നു. രാവിലെ ഭാര്യ അന്നയോടൊപ്പം മാതാപിതാക്കളുടെ കല്ലറകളിലെത്തി  പ്രാർത്ഥിച്ചതിനുശേഷമാണ് ഹൈബി പത്രികാ സമർപ്പണത്തിനായി തിരിച്ചത്.

അതേസമയം മണ്ഡലത്തിലെ തന്‍റെ പ്രചാരണം അതിവേഗം മുന്നോട്ടുകൊണ്ടുപോവുകയാണ് ഹൈബി. കഴിഞ്ഞ ദിവസം കൂനമ്മാവ് സെന്‍റ് ജോസഫ് പള്ളിയിൽ മുൻ ധനകാര്യമന്ത്രി കെ.ടി. ജോർജ്ജിന്‍റെ കല്ലറയിൽ പുഷ്പാർച്ചന നടത്തിക്കൊണ്ടായിരുന്നു ഹൈബി പ്രചാരണം ആരംഭിച്ചത്. അദ്ദേഹത്തിന്‍റെ അമ്പത്തിയൊന്നാം ചരമവാർഷികമായിരുന്നു ഇന്നലെ. ഏഴിക്കര, കളമശേരി, മഞ്ഞുമ്മൽ ഭാഗങ്ങളിലാണ് ഹൈബി ഈഡൻ ഇന്നലെ പ്രചാരണം നടത്തിയത്. പ്രമുഖ വ്യക്തികളെ നേരിട്ട് കണ്ടും സ്‌ഥാപനങ്ങൾ കയറിയും പിന്തുണ ഉറപ്പിച്ചു. വോട്ടർമാരെ നേരിൽ കണ്ട ഹൈബി വികസനപ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി പിന്തുണ അഭ്യർത്ഥിച്ചു. ഏഴിക്കരയിൽ കടകളിൽ കയറിയും വീടുകൾ കയറിയും ഹൈബി വോട്ടഭ്യർത്ഥിച്ചു.

അഭിഭാഷകർ എറണാകുളത്ത് സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കൺവൻഷനിലും ഹൈബി ഈഡൻ പങ്കെടുത്തു. മഞ്ഞുമ്മൽ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവ ചടങ്ങിലും ഹൈബി ഈഡൻ പങ്കെടുത്തു. ക്ഷേത്രത്തിലെത്തിയവരുമായി കുശലം പറഞ്ഞും വിശേഷങ്ങൾ പങ്കുവെച്ചും ഏറെ സമയം ചെലവഴിച്ചു. രണ്ടാം ഘട്ട പ്രചാരണം സമാപിക്കുമ്പോൾ തനിക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നതെന്ന് ഹൈബി ഈഡൻ പറഞ്ഞു.