നാലാം വയസ്സില്‍ അമ്മയെ നഷ്ടമായി, 19ല്‍ അച്ഛനും; തനിച്ചായ എന്നെ വളര്‍ത്തിയത് കോണ്‍ഗ്രസ് പാര്‍ട്ടി, നേതൃയോഗത്തില്‍ വികാരാധീനനായി ഹൈബി ഈഡന്‍

കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തിലെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കപ്പെട്ട ഹൈബി ഈഡന്‍ നേതൃയോഗത്തില്‍ വികാരാധീനനായി. തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നതിന് മുന്‍പ് ചേര്‍ന്ന കോണ്‍ഗ്രസ് ജില്ലാ നേതൃയോഗത്തിലാണ് തന്റെ ജീവിതാനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് ഹൈബി ഈഡന്റെ കണ്ണുകള്‍ ഈറനണിഞ്ഞത്.

ചെറുപ്പത്തില്‍ തന്നെ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട തനിക്ക് കോണ്‍ഗ്രസ് പാര്‍ട്ടി നല്‍കിയ സഹായസഹകരണങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞാണ് ഹൈബി ജീവിതാനുഭവങ്ങള്‍ തുറന്നുപറഞ്ഞത്. മറ്റെല്ലാവരെക്കാളും താന്‍ പാര്‍ട്ടിയോട് കൂടുതല്‍ കടപ്പെട്ടിരിക്കുന്നു. തനിക്ക് നാല് വയസ്സുളളപ്പോള്‍ അമ്മയെ നഷ്ടമായി. 19 ആം വയസ്സില്‍ പാര്‍ട്ടി പ്രവര്‍ത്തകനും മുന്‍ എംപിയുമായിരുന്ന അച്ഛന്‍ ജോര്‍ജ് ഈഡനും ഓര്‍മ്മയായി. ഈ സന്നിഗ്ധ ഘട്ടത്തില്‍ തനിക്കും സഹോദരിക്കും എല്ലാവിധ പിന്തുണയും നല്‍കിയത് കോണ്‍ഗ്രസ് പാര്‍ട്ടിയാണെന്ന് ഹൈബി ഈഡന്‍ ഓര്‍മ്മിച്ചു.

അച്ഛന്‍ മരിച്ച് ഒറ്റയ്ക്കായ തനിക്ക് അഞ്ചുലക്ഷം രൂപയുടെ കടമുണ്ടായിരുന്നു. ഭവനവായ്പയുടെ കുടിശ്ശികയായിരുന്നു ഇത്. അന്നത്തെ ജില്ലാ പ്രസിഡന്റ് കെ പി ധനപാലന്‍ 10 ലക്ഷം രൂപയാണ് സഹായധനമായി കൈമാറിയത്. അക്കാലത്ത് പാര്‍ട്ടിക്ക് ഇത്തരം കീഴ്വഴക്കങ്ങള്‍ ഉണ്ടായിരുന്നില്ല.കോണ്‍്ഗ്രസ് പിരിച്ചുതന്ന ഈ പത്തുലക്ഷം രൂപയില്‍ നിന്നുളള പലിശ കൊണ്ടാണ് അന്ന് തന്റെ കുടുംബം കഴിഞ്ഞിരുന്നതെന്നും ഹൈബി ഈഡന്‍ പറഞ്ഞു. തുടര്‍ന്ന് തന്നെ പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങള്‍ നല്‍കി ഉയര്‍ത്തിയതായും ഹൈബി ഓര്‍മ്മിച്ചു. യോഗത്തില്‍ ഡിസിസി പ്രസിഡന്റ് ടി ജെ വിനോദ് അധ്യക്ഷത വഹിച്ചു.

സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ഹൈബി ഈഡന്‍ ആദ്യം എത്തിയത് പൊറ്റക്കുഴി പളളി സെമിത്തേരിയിലെ പിതാവിന്റെ കല്ലറയ്ക്ക് മുന്നിലാണ്. ഓര്‍മകള്‍ തിരതല്ലിയപ്പോള്‍ ഹൈബിയുടെ കണ്ണുകള്‍ ഈറനണിഞ്ഞു. ഭാര്യ അന്നയൊടൊപ്പമാണ് അദ്ദേഹം ഇവിടെയെത്തിയത്.തുടര്‍ന്ന്‌തോപ്പുംപടി സെന്റ് സെബാസ്റ്റ്യന്‍ പളളി സെമിത്തേരിയില്‍ അമ്മ റാണി ഈഡന്റെ കല്ലറയിലും പ്രാര്‍ത്ഥന നടത്തി.

hibi edaneranakulamkochicongress candidate
Comments (0)
Add Comment