ഹേമ കമ്മീഷന്‍ റിപ്പോർട്ട് പുറത്തുവിടണം; ഡബ്ല്യുസിസി അംഗങ്ങള്‍ വനിതാ കമ്മീഷനെ കണ്ടു

 

കോഴിക്കോട് : നടിയെ ആക്രമിച്ച കേസിൽ നീതി തേടി ഡബ്ല്യുസിസി, വനിതാ കമ്മീഷൻ അധ്യക്ഷ സതീ ദേവിയെ കണ്ടു. ഇനി കാത്തിരിക്കാന്‍ സമയമില്ലെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്നാണ് ആഗ്രഹമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഡബ്ല്യുസിസി അംഗങ്ങള്‍ പറഞ്ഞു.

സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാനായി നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി, റിപ്പോർട്ട് സമർപ്പിച്ചിട്ട് രണ്ട് വർഷം തികയുന്ന സാഹചര്യത്തിലാണ് ഡബ്ല്യുസിസി അംഗങ്ങൾ വനിതാ കമ്മീഷനുമായി കൂടിക്കാഴ്ച നടത്തിയത്. ഡബ്ല്യുസിസി അംഗങ്ങളായ പത്മപ്രിയ, പാർവതി തിരുവോത്ത്, സയനോര, ദീദി തുടങ്ങിയവരാണ്
കോഴിക്കോട് ഗസ്റ്റ് ഹൗസിലെത്തി വനിതാ കമ്മീഷനുമായി കൂടിക്കാഴ്ച നടത്തിയത്. സിനിമ മേഖലയിലെ പൊതുവായ വിഷയങ്ങൾ ചർച്ച ചെയ്തു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വരണമെന്നാണ് ആഗ്രഹമെന്നും ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക്‌ നിരന്തരം കത്തുകൾ എഴുതുന്നുണ്ടെന്നും ഇനിയും കാത്തിരിക്കാൻ സമയമില്ലെന്നും ഡബ്ല്യുസിസി അംഗങ്ങൾ വ്യക്തമാക്കി.

സിനിമാ മേഖലയിലെ സ്ത്രീ സുരക്ഷയ്ക്ക്‌ നിയമ നിർമാണം വേണം, സ്ത്രീകൾക്ക് അനുകൂലമായ സാഹചര്യം ഉണ്ടാക്കേണ്ടത് പ്രൊഡക്ഷൻ കമ്പനികൾ ആണ് എന്നും വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു. എന്നാൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുന്നത് സംബന്ധിച്ച് വനിതാ കമ്മീഷൻ അധ്യക്ഷ കൃത്യമായ മറുപടി പറഞ്ഞില്ല.

Comments (0)
Add Comment