പ്രളയ ഫണ്ടില്‍ തിരിമറി ; ദുരിതബാധിതർക്കുള്ള സഹായം സി.പി.എം നേതാവിന്‍റെ അക്കൗണ്ടിലേക്ക്

Jaihind News Bureau
Tuesday, February 25, 2020

കൊച്ചി : പ്രളയ ഫണ്ടിൽ തിരിമറി. പ്രളയ ദുരിത ബാധിതനല്ലാത്ത സി.പി.എം നേതാവിന് 11 ലക്ഷത്തോളം രൂപ കൈമാറിയത് വിവാദമാകുന്നു. എറണാകുളം തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം എം.എം അൻവറിന്‍റെ അക്കൗണ്ടിലേക്കാണ് 11 ലക്ഷത്തോളം രൂപ സർക്കാർ അനധികൃതമായി നൽകിയത്. ഇതിൽ 5 ലക്ഷം രൂപ അൻവർ പിൻവലിച്ചു കഴിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കളക്ട്രേറ്റിലെ ക്ലാർക്കിനെ സസ്പെൻഡ് ചെയ്യുകയും  വിശദമായ പോലീസ്  അന്വേഷണത്തിന് ജില്ലാ കളക്ടർ ഉത്തരവിടുകയും ചെയ്തു.

പ്രളയം ബാധിക്കാത്ത കാക്കനാട് മേഖലയിലെ സി.പി.എം തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം എം.എം അൻവറിന്‍റെ കാക്കനാട് വാഴക്കാലയിലെ അയ്യനാട് സര്‍വീസ് സഹകരണ ബാങ്കിലെ അക്കൗണ്ടിലേക്കാണ് 10,54,000 രൂപ അനധികൃതമായി നൽകിയതെന്നാണ് കണ്ടെത്തിയത്. ഇതിൽ 5 ലക്ഷം രൂപ ഉടൻതന്നെ അൻവർ പിൻവലിച്ചു. ഇദ്ദേഹത്തിന്‍റെ ഭാര്യ ഡയറക്ടറായ തൃക്കാക്കര അയ്യനാട് സർവീസ് സഹകരണ ബാങ്കിലെ അക്കൗണ്ടിലേക്കാണ് പണം നൽകിയത്. ട്രഷറി അക്കൗണ്ടിൽ നിന്നും ഫെഡറല്‍ ബാങ്ക് വഴിയാണ് സഹകരണ ബാങ്കിന് 5 തവണകളായി 11 ലക്ഷത്തോളം രൂപ നൽകിയത്. സഹകരണ ബാങ്കിലെ ചില ജീവനക്കാർക്ക് നൽകിയ സംശയമാണ് വെട്ടിപ്പ് കണ്ടെത്താൻ വഴിയൊരുക്കിയത്. തുടർന്ന് ഇക്കാര്യം കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി.

ഇതിനിടെ  അക്കൗണ്ടില്‍ നിന്ന് 5 ലക്ഷം രൂപ സി.പി.എം നേതാവായ അൻവർ പിൻവലിച്ചെങ്കിലും, വെട്ടിപ്പ് ഉദ്യോഗസ്ഥർ അറിഞ്ഞതായി സംശയിച്ചതോടെ പിന്നീട് പണം പിൻവലിച്ചില്ല. കളക്ട്രേറ്റിലെ സെക്ഷൻ ക്ലാർക്ക് അറിയാതെ പണം മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റാനാകില്ലെന്ന കണ്ടെത്തലാണ് അന്വേഷണം ക്ലാർക്കിലെത്തിച്ചത്. ദുരിതാശ്വാസ സെക്ഷൻ ക്ലാർക്ക് വിഷ്ണു പ്രസാദിനെ അന്വേഷണ വിധേയമായി ജില്ലാ കളക്ടർ സസ്പെന്‍ഡ് ചെയ്തു. മാത്രമല്ല പ്രളയ ഫണ്ട് വിനിയോഗത്തിൽ വൻ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് പോലീസ് അന്വേഷണത്തിന് കളക്ടർ എസ് സുഹാസ് ഉത്തരവിട്ടു. സംഭവം വിവാദമായതോടെ സി.പി.എം ജില്ലാ നേതൃത്വം ലോക്കല്‍ കമ്മിറ്റി അംഗമായ അൻവറിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്.

മഹാപ്രളയത്തില്‍ മുഴുവന്‍ സമ്പാദ്യവും നഷ്ടമായവർക്ക് പോലും സര്‍ക്കാര്‍ നിശ്ചയിച്ച പരമാവധി നഷ്ടപരിഹാര തുക നാല് ലക്ഷം രൂപയാണ്. ഇതുപോലും കിട്ടാത്ത അർഹരായവർ ഇപ്പോഴും സർക്കാരോഫീസുകള്‍ കയറിയിറങ്ങുമ്പോഴാണ് സി.പി.എം നേതാവ് അനധികൃതമായി ഇത്രയും തുക സ്വന്തം അക്കൗണ്ടിലാക്കിയത്.