Kannur| ഹെല്‍മെറ്റ് രക്ഷകനായി; കണ്ണൂരില്‍ കാറിടിച്ച് തെറിപ്പിച്ച സ്‌കൂട്ടര്‍ യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Jaihind News Bureau
Tuesday, August 19, 2025

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ സ്‌കൂട്ടറിന് പിന്നില്‍ കാറിടിച്ച് തെറിപ്പിച്ചു. അപകടത്തില്‍ റോഡിന് പുറത്തേക്ക് തെറിച്ചു വീണ സ്‌കൂട്ടര്‍ യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ചയായിരുന്നു സംഭവം. മറ്റൊരു കാര്‍ റോഡിലെ കുഴി കാരണം ചവിട്ടി നിര്‍ത്തിയപ്പോള്‍ തൊട്ടു പിന്നിലുണ്ടായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരനും നിര്‍ത്തിയിട്ടു. ഇതിനിടെയില്‍ തൊട്ടു പുറകിലുണ്ടായിരുന്ന കാര്‍ ഇയാളെയും സ്‌കൂട്ടറെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ യാത്രികന്‍ റോഡിനു പുറത്തേക്ക് തെറിച്ചു വീഴുന്നതും, വീഴ്ചയില്‍ നിന്ന് എഴുന്നേറ്റ് നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഹെല്‍മറ്റ് ധരിച്ചിരുന്നതുകൊണ്ടാണ് ഇയാള്‍ക്ക് വലിയ പരിക്കുകള്‍ പറ്റാതിരുന്നത്.

റോഡിന് പുറത്തേക്ക് തെറിച്ചു വീണതിനാല്‍ മറ്റ് വാഹനങ്ങള്‍ ശരീരത്തിലൂടെ കയറാത്തതും പരിക്കിന്റെ തീവ്രത കുറച്ചു. കാര്‍ ഡ്രൈവര്‍ ബ്രേക്ക് ചവിട്ടുന്നതിന് പകരം ആക്‌സിലറേറ്റര്‍ ചവിട്ടിയതാണ് അപകടത്തിന് കാരണമായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.