ഹെലികോപ്ടർ അപകടം : അന്വേഷണം ആരംഭിച്ച് തമിഴ്നാട് പൊലീസ്

Jaihind Webdesk
Friday, December 10, 2021

ചെന്നൈ : കുനൂരില്‍ സംയുക്ത സൈനികമേധാവി ബിപിൻ റാവത്തടക്കം 13 പേരുടെ മരണത്തിന് ഇടയാക്കിയ ഹെലികോപ്ടർ അപകടത്തിൽ തമിഴ്നാട് പൊലീസ്  അന്വേഷണം ആരംഭിച്ചു. ഊട്ടി എഡിഎസ്പി മുത്തുമാണിക്യത്തിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അപകടം അന്വേഷിക്കുന്നത്.

ഹെലികോപ്റ്റർ അപകടത്തെക്കുറിച്ച് കര-നാവിക-വ്യോമസേനകളുടെ സംയുക്തസംഘം അന്വേഷണം നടത്തുമെന്ന് നേരത്തെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചിരുന്നു. സംയുക്തസേനയുടെ അന്വേഷണത്തിന് സമാന്തരമായാവും തമിഴ്നാട് പൊലീസിൻ്റെ അന്വേഷണം നടക്കുക. തങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങൾ സംയുക്തസേനാ സംഘം എത്തുമ്പോള്‍ കൈമാറുമെന്നും തമിഴ്നാട് ഡിജിപി സി ശൈലേന്ദ്രബാബു അറിയിച്ചു.

ഇന്ന് രാവിലെ പത്ത് മണിയോടെ അപകടസ്ഥലത്ത് എത്തി ഡിജിപി പരിശോധന നടത്തിയിരുന്നു. അപകടം നടന്ന കാട്ടേരി നഞ്ചപ്പസത്രത്തിലെ 25 പ്രദേശവാസികളുടെ മൊഴി തമിഴ്നാട് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഹെലികോപ്ടർ അപകടത്തിൽ അനുശോചിച്ച് നീലഗിരി ജില്ലയിലെ വ്യാപാരികൾ ഇന്ന് കടകള്‍ അടച്ചിട്ടിരിക്കുകയാണ്.