സര്‍ക്കാരിന്‍റെ അമിതമായ രാഷ്ട്രീയ ഇടപെടല്‍ : ഉന്നത വിദ്യാഭ്യാസരംഗം നിശ്ചലമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസരംഗത്തെ നിശ്ചലാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്ന് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് ഉന്നതവിദ്യാഭ്യാസരംഗത്ത് നിശ്ചലാവസ്ഥ ആണുള്ളതെന്ന് ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു.

സര്‍ക്കാരിന്‍റെ അമിതമായ രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്ന് സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ തുടരാന്‍ താനില്ലെന്ന് വ്യക്തമാക്കി ഗവര്‍ണ്ണര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയ ശേഷം ഉന്നതവിദ്യാഭ്യാസരംഗത്ത് പരിപൂര്‍ണ്ണ സ്തംഭനമാണ് ഉണ്ടായിട്ടുള്ളത്.

കത്തു നല്‍കിയ കഴിഞ്ഞ എട്ടാം തീയതിക്ക് ശേഷം ചാന്‍സലര്‍ എന്ന നിലയില്‍ തന്‍റെ പരിഗണനയ്ക്ക് വന്നിട്ടുള്ള ഒരു ഫയലും ഗവര്‍ണ്ണര്‍ നോക്കിയിട്ടില്ല എന്നാണ് മനസ്സിലാക്കുന്നത്. ഇത് ഉന്നതവിദ്യാഭ്യാസരംഗത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ ധാര്‍ഷ്ട്യം വെടിഞ്ഞ് ഈ പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

Comments (0)
Add Comment