മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരുമായുള്ള സംഘര്‍ഷം പഠിച്ച കമ്മീഷന് ചെലവ് ഒരു കോടി 84 ലക്ഷമെന്ന് കണക്ക്; എന്തിനെന്ന ചോദ്യത്തിന് ഉത്തരമില്ല

Jaihind Webdesk
Thursday, July 4, 2019

Pinarayi-Vijayan

2016ല്‍ കൊച്ചിയില്‍ ഹൈക്കോടതി പരിസരത്തും വഞ്ചിയൂര്‍ കോടതി പരിസരത്തുവച്ച് അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ ഉണ്ടായ സംഘര്‍ഷം പഠിക്കാന്‍ നിയമിച്ച കമ്മീഷന്‍റെ ചെലവിനത്തില്‍ സര്‍ക്കാര്‍ വകവച്ചത്  ഒരു കോടി 84 ലക്ഷം രൂപയെന്ന് മുഖ്യമന്ത്രി നിയമസഭയില്‍.  ചോദ്യോത്തരവേളയില്‍ കെ.സി ജോസഫിന്‍റെ ചോദ്യത്തിന് രേഖാമൂലം സമര്‍പ്പിച്ച മറുപടിയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍, എന്തിനാണ് ഇത്രയും ഭീമമായ തുക ചെലവായതെന്ന ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കിയിട്ടില്ല. ജസ്റ്റിസ് മുഹമ്മദ് കമ്മീഷനെയാണ് പഠനത്തിനായി നിയമിച്ചത്.  വിഷയത്തില്‍ കാര്യമായ നടപടികളൊന്നും കമ്മീഷന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലാത്ത  ഈ സാഹചര്യത്തില്‍ തുക എങ്ങനെ ചെലവായി എന്ന ചോദ്യം മറുപടിയില്ലാതെ അവശേഷിക്കുകയാണ്.

2016ലാണ് കൊച്ചിയില്‍ കോടതി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ ഭീഷണിപ്പെടുത്തിയതോടെയായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. തുടര്‍ന്ന് തര്‍ക്കം സംഘര്‍ഷത്തിലേക്ക് വഴിമാറുകയായിരുന്നു. ഇത് പഠിക്കാനായി നിയമിച്ച കമ്മീഷന്‍റെ കാലാവധി അഞ്ച് തവണയായി 30 മാസത്തേയ്ക്ക് നീട്ടി നല്‍കിയെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.