മഹാരാഷ്ട്രയിൽ ശമനമില്ലാതെ തുടരുന്ന കനത്ത മഴയിൽ മരണം 29 ആയി. മുംബൈയിൽ മതിലിടിഞ്ഞ് 19 പേരും പുനെയിൽ ആറ് പേരും മരിച്ചു. അതേസമയം കനത്ത മഴയെ തുടർന്ന് മുംബൈ നഗരത്തിലെ ഗതാഗത സംവിധാനങ്ങൾ താറുമാറായി. മഴ രണ്ടു ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.
രണ്ട് ദിവസമായി പെയുന്ന ശക്തമായ മഴയിൽ മുംബൈ നഗരം വെള്ളത്തിനടിയിലായി. 45 വർഷത്തിനിടെ ലഭിക്കുന്ന ഏറ്റവും ശക്തമായ മഴയാണിതെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. മുംബൈയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. റയിൽ, വ്യോമ ഗതാഗതവും താറുമാറായി. പ്രധാന നഗരമായ അന്ധേരി, കുർള, ലോവർ പരേൽ എന്നിവടങ്ങളിൽ വെള്ളം കയറി. കുർളയിൽ നിന്ന് ആയിരത്തിലധികം പേരെ മാറ്റി പാർപ്പിച്ചു. നിർത്താതെ പെയ്യുന്ന മഴയെ തുടർന്ന് പല വിമാന സർവീസുകളും നിർത്തലാക്കി. മുംബൈ വിമാനത്താവളത്തിലെ പ്രധാന റൺവെകൾ അടച്ചിരിക്കുകയാണ്. അതേസമയം തീരപ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമാണ്. അടിയന്തര സഹായത്തിനായി നാവിക സേന തീരത്ത് നിലയുറപ്പിച്ചിട്ടുണ്ട്. മഴ തുടരുന്നുണ്ടെങ്കില്ലും മുംബൈയിലെ റോഡ്, റെയിൽ ഗതാഗതം സാധാരണ നിലയിലായിലാക്കാനുള്ള തീവ്ര ശ്രമത്തിലാണ് സർക്കാർ.
മഴയെ തുടർന്ന് നഗരത്തിന്‍റെ പലഭാഗങ്ങളിലും അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുമുണ്ട്. പഴയ കെട്ടിട്ടങ്ങൾ പൊളിഞ്ഞു വീണാണ് കൂടുതൽ അപകടങ്ങൾ സംഭവിക്കുന്നത്. മുംബൈയിൽ കാലപ്പഴക്കം കൊണ്ട് പൊളിഞ്ഞു വീഴാറായ ആയിരത്തിലധികം കെട്ടിടങ്ങളുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പും സർക്കാർ നൽകിയിട്ടുണ്ട്. നൽകിയിട്ടുണ്ട്. മഴ തുടരുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തിൽ നഗരത്തിൽ പ്രഖ്യാപിച്ച പൊതു അവധി രണ്ടു ദിവസത്തേയ്ക്ക് കൂടി നീട്ടിയിട്ടുണ്ട്.