സംസ്ഥാനത്ത് മഴ കനക്കും; ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രതാ മുന്നറിയിപ്പ്

Jaihind Webdesk
Friday, May 17, 2024

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കിഴക്കൻ മേഖലയിൽ മഴ കനത്തേക്കുമെന്നാണ് വിലയിരുത്തൽ. നിലവിൽ ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ ഉച്ചയോടെ  കൂടുതൽ ഇടങ്ങളിൽ മഴക്ക് സാധ്യതയുണ്ട്. സമാനമായി അടുത്ത ദിവസങ്ങളിലും ശക്തമായ മഴയുണ്ടാകും. നാളെ രണ്ട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും ഒൻപതോളം ജില്ലകളിൽ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഞായറാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലര്‍ട്ടും മൂന്ന് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടുമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. സമാനമായി തിങ്കൾ ചൊവ്വ ദിവസങ്ങളിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്.

ഇന്ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. മറ്റ് ജില്ലകളിലും മഴ പെയ്യും. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലര്‍ട്ടാണ്. പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടാണ്. മറ്റ് ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ തിരുവനന്തപുരം മുതൽ ഇടുക്കി വരെ ഏഴ് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലര്‍ട്ടുമാണ്.