സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത

Jaihind News Bureau
Saturday, July 20, 2019

Rain-Kerala

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്. കാസർഗോഡ് റെഡ് അലേർട്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്. സംസ്ഥാനത്ത് കടലാക്രമണം രൂക്ഷം. വിഴിഞ്ഞം, നീണ്ടകര എന്നിവടങ്ങളിൽ നിന്ന് കാണാതായ ഏഴ് മത്സ്യതൊഴിലാളികൾക്കായി കോസ്റ്റൽ പൊലീസും കോസ്റ്റ് ഗാർഡും തിരച്ചിൽ തുടരുന്നു. വിഴിഞ്ഞത്ത് മത്സ്യതൊഴിലാളികൾ തുറ മുടക്കി തിരച്ചിലിനിറങ്ങും.

തിരുവനന്തപുരവും പാലക്കാടും ഒഴികെ സംസ്ഥാനത്തെ മറ്റെല്ലാ ജില്ലകളിലും കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കാസർഗോഡ് റെഡ് അലേർട്ടിന് പുറമെ ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ടും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു.

പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.സർക്കാർ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകൾ നടത്താനും താലൂക്ക് തലത്തിൽ കണ്ട്രോൾ റൂമുകൾ ആരംഭിക്കുവാനുമുള്ള നിർദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകി. കടൽക്ഷോഭത്തിനും, മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനിടയുള്ള സാധ്യതയുള്ളതിനാലും മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പൊഴിയൂർ മുതൽ കാസർഗോഡ് വരെയുള്ള കേരള തീരത്ത് 2.9 മുതൽ 3.3 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം അറിയിച്ചു. കാലവർഷക്കെടുതിക്ക് പുറമെ സംസ്ഥാനത്തെ തീരമേഖലകളിൽ കടലാക്രമണവും രൂക്ഷമായി.
ഇതിനിടെ വിഴിഞ്ഞത്ത് നിന്ന് കാണാതായ നാല് മത്സ്യതൊഴിലാളികളെയും നീണ്ടകരയിൽ നിന്ന് കാണാതായ മൂന്ന് മത്സ്യതൊഴിലാളികളെയും ഇതുവരെ കണ്ടെത്താനായില്ല. ഇവരുമായുള്ള ഫോൺ ബന്ധം നഷ്ട്ടപ്പെട്ടതായി കോസ്റ്റൽ പൊലീസ് അറിയിച്ചു. വിഴിഞ്ഞത്ത് നിന്ന് കാണാതായവരെ കണ്ടെത്താതിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. നേവിയുടെ സഹായം ആവശ്യപ്പെട്ടിരിക്കുകയാണ് കളക്ടർ. വിഴിഞ്ഞത്ത് ഇന്ന് മത്സ്യതൊഴിലാളികൾ തുറ മുടക്കി ഇവർക്കായുള്ള തിരച്ചിലിനറങ്ങാനും തീരുമാനിച്ചിട്ടുണ്ട്.