സംസ്ഥാനത്ത് പുതിയ മഴ മുന്നറിയിപ്പ്; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Saturday, October 14, 2023

സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ കൂടിയാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, തെക്കന്‍, മധ്യ കേരളത്തിലാണ് ഇന്നും കൂടുതല്‍ മഴയ്ക്ക് സാധ്യതയുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ പ്രതീക്ഷിക്കാം. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ നേരത്തെ തന്നെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിനും വിലക്കുണ്ട്. തുലാവര്‍ഷത്തിന് മുന്നോടിയായുള്ള മഴയാണ് ഈ ദിവസങ്ങളില്‍ കിട്ടുന്നത്. തമിഴ്‌നാടിന് മുകളില്‍ ഒരു ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ ശക്തമാകുന്നത്. തുലാവര്‍ഷ കാറ്റും സജീവമാകുന്നുണ്ട്. അടുത്തയാഴ്ചയോടെ തുലാവര്‍ഷം തുടങ്ങിയേക്കും.