മുണ്ടക്കൈയിലും ചൂരല്‍മലയിലും കനത്ത മഴ; താത്കാലിക പാലം ഒലിച്ചുപോയി, ഒഴുക്കില്‍പ്പെട്ട് പശു

Jaihind Webdesk
Tuesday, August 13, 2024

 

വയനാട്: ഉരുള്‍പൊട്ടല്‍ നാശംവിതച്ച വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും കനത്ത മഴയായിരുന്നു ഇന്ന് അനുഭവപ്പെട്ടത്. ഉച്ചയ്ക്ക് ശേഷം മൂന്നു മണിക്കൂറോളം മഴ നിര്‍ത്താതെ പെയ്തു. പുഴയില്‍ ഒഴുക്ക് വര്‍ധിച്ചതോടെ പശുക്കള്‍ പുഴയില്‍ കുടുങ്ങി. ആദ്യം ഒഴുക്കില്‍ പെട്ട പശുക്കിടാവ് നീന്തിക്കയറിയിരുന്നു. മറ്റൊരു പശുവിനെ അതിസാഹസികമായി അഗ്‌നിശമനസേനയും സിവില്‍ ഡിഫന്‍സും പോലീസ് ഉദ്യോഗസ്ഥരും രക്ഷപ്പെടുത്തി. 15 മിനിറ്റ് പശു പുഴയില്‍ കുടുങ്ങിപ്പോയി. കനത്ത മഴയെ തുടര്‍ന്ന് ബെയ്‌ലി പാലം അടച്ചു.

കനത്ത മഴയെ തുടർന്ന് ബെയ്‌ലി പാലത്തിന് സമീപം  താത്കാലികമായി നിർമ്മിച്ച ഇരുമ്പ് പാലം തകർന്നു. മഴ ശക്തമായതോടെ ബെയ്‌ലി പാലം അടച്ചു. മുണ്ടക്കൈയിലും പരിസര പ്രദേശങ്ങളിലും ഉച്ചവരെ വെയിലായിരുന്നു. വൈകിട്ടോടെയാണ് മഴ ശക്തമായത്.