കനത്ത നാശം വിതച്ച് മഴ: വിവിധ ജില്ലകളില്‍ റെഡ് അലർട്ട്; ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jaihind Webdesk
Monday, August 1, 2022

തിരുവനന്തപുരം: സംസ്ഥാനത്ത് ഓഗസ്റ്റ് 4 വരെ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്‍റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്നും നാളെയും  7 ജില്ലകളിലാണ് റെഡ് അലർട്ടുള്ളത്. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

പത്തനംതിട്ട: ജില്ലയിൽ ഇന്ന് (01-08-22) ഉച്ചയ്ക്ക് ശേഷവും നാളെയും അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു.

കോട്ടയം: ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ കളക്ടർ അവധി പ്രഖ്യാപിച്ചു.

ആലപ്പുഴ: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു.

എറണാകുളം: ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

ഇടുക്കി: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു.

തിരുവനന്തപുരം: ജില്ലയിലെ പ്രൊഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധിയാണ്. അതേസമയം മുൻ നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്നും കളക്ടർ അറിയിച്ചു.

കൊല്ലം: കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു.

റെഡ് അലർട്ട്:

ഓഗസ്റ്റ് 1 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി

ഓഗസ്റ്റ് 2: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി

ഓഗസ്റ്റ് 3: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

ഓഗസ്റ്റ് 4: എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്. കണ്ണൂർ, കാസർഗോഡ്

കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവജാഗ്രത പാലിക്കണം.

2018, 2019, 2020 വർഷങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിൽ ഉള്ളവർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകൾ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങൾ എന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും അപകട സാധ്യത മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കേണ്ടതാണ്.

വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം.ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മത്സ്യബന്ധനോപാധികള്‍ സുരക്ഷിതമാക്കി വെക്കണം.

അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയാറാവേണ്ടതാണ്.

സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്.

അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തണം.

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളിൽ പൂർണ്ണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തയാറാവണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.