സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത ; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Jaihind Webdesk
Friday, July 23, 2021

മലപ്പുറം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു നിര്‍ദേശമുണ്ട്. വലിയ തിരമാലകള്‍ക്കും 60 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും സാധ്യത ഉണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കനത്ത മഴയെ തുടർന്ന് മലപ്പുറം ജില്ലയുടെ മലയോര മേഖല വെള്ളപ്പൊക്ക ഭീഷണിയിൽ. ‌ചാലിയാറും പുന്നപ്പുഴയും കരകവിഞ്ഞ് ഒഴുകുകയാണ്. തീരത്തു താമസിക്കുന്നവര്‍ക്ക് ജാഗ്രതാ  നിർദേശം നല്‍കിയിട്ടുണ്ട്. ചാലിയാറിന്‍റെ വൃഷ്ടിപ്രദേശങ്ങളിൽ അതിശക്തമായ മഴ തുടരുകയാണ്.ചാലിയാറിന്‍റെ തീരങ്ങളിൽ താമസിക്കുന്ന കുടുംബങ്ങൾ രാത്രി വീടുകളിൽ നിന്നും മാറി താമസിച്ചു.